| Friday, 21st April 2023, 5:49 pm

അറബിക്കഥയിലെ ഒരു ദിവസത്തെ സുല്‍ത്താനെ പോലെ ഒരു മത്സരത്തിലെ ക്യാപ്റ്റന്‍സി കൊണ്ട് വിരാട് നേടിയെടുത്തത് അത്യപൂര്‍വ നേട്ടം; കിങ്ങാടാ... കയ്യടിക്കെടാ...

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ ആവേശത്തോടെയാണ് കഴിഞ്ഞ ദിവസത്തെ ഐ.പി.എല്‍ മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ സ്വീകരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം തങ്ങളുടെ കിങ് ഒരിക്കല്‍ക്കൂടി ടീം പ്ലേ ബോള്‍ഡിനെ നയിക്കാനെത്തുന്നു എന്നതുതന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

ഫാഫ് ഡു പ്ലെസസിന്റെ പരിക്കിന് പിന്നാലെയാണ് അഴിച്ചുവെച്ച പടനായകന്റെ കുപ്പായം ഒരിക്കല്‍ക്കൂടി വിരാട് എടുത്തണിഞ്ഞത്. വിരാട് എന്ന ക്യാപ്റ്റന്റെ മാസ്മരികത ഒരിക്കല്‍ക്കൂടി മൊഹാലിയില്‍ വെച്ച് ക്രിക്കറ്റ് ലോകം കാണുകയായിരുന്നു.

മത്സരത്തിന്റെ ടോസ് മുതല്‍ ടീമിന്റെ വിജയം വരെ ക്യാപ്റ്റന്റെ റോളില്‍ വിരാട് നിര്‍ണായകമായി.

മത്സരത്തില്‍ ബാറ്റിങ്ങിലും തിളങ്ങിയ വിരാട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. 47 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമായാണ് വിരാട് കളം നിറഞ്ഞ് കളിച്ചത്. ആദ്യ വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിസിനൊപ്പം തകര്‍പ്പന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനും വിരാടിന് സാധിച്ചു.

ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 131 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വിരാടിനെ പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. ബ്രാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

വിരാടിന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ 6500 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചു. തന്റെ 183ാം മത്സരത്തിലാണ് വിരാട് ഈ അപൂര്‍വ നേട്ടത്തിലേക്ക് നടന്നുകയറിയത്.

ക്യാപ്റ്റന്റെ റോളിലെത്തി ഏറ്റവുമധികം ടി-20 റണ്‍സ് സ്വന്തമാക്കിയ താരങ്ങള്‍

(താരം – റണ്‍സ് – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 6,501 -186

എം.എസ്. ധോണി – 6,176 – 273

രോഹിത് ശര്‍മ – 5,489 – 202

ആരോണ്‍ ഫിഞ്ച് – 5,174 – 168

ഗൗതം ഗംഭീര്‍ – 4,242 – 166

കഴിഞ്ഞ മത്സരത്തില്‍ വിരാടിന്റെയും ഫാഫിന്റെയും ഇന്നിങ്‌സില്‍ ആര്‍.സി.ബി 174 റണ്‍സ് സ്വന്തമാക്കിയിരുന്നു. 175 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പഞ്ചാബിന് 150 റണ്‍സില്‍ ഓള്‍ ഔട്ടാവാനായിരുന്നു വിധി. ബാറ്റിങ്ങില്‍ ഇരുവരും കത്തിക്കയറിയപ്പോള്‍ പഞ്ചാബിനെ എറിഞ്ഞിടാനുള്ള ചുമതല സിറാജിനായിരുന്നു.

ബൗളിങ്ങില്‍ മുഹമ്മദ് സിറാജിന് മുമ്പില്‍ ഉത്തരമില്ലാതെ പഞ്ചാബ് വിറച്ചപ്പോള്‍ അവരുടെ പതനവും വേഗത്തിലായി. നാല് ഓവര്‍ പന്തെറിഞ്ഞ് 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടും സിറാജിന്റെ പേരില്‍ കുറക്കപ്പെട്ടിരുന്നു. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും സിറാജിനെ തന്നെയായിരുന്നു.

Content highlight: Virat Kohli becomes the first captain to score 6500 t20 runs

We use cookies to give you the best possible experience. Learn more