ഏറെ ആവേശത്തോടെയാണ് കഴിഞ്ഞ ദിവസത്തെ ഐ.പി.എല്‍ മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ സ്വീകരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം തങ്ങളുടെ കിങ് ഒരിക്കല്‍ക്കൂടി ടീം പ്ലേ ബോള്‍ഡിനെ നയിക്കാനെത്തുന്നു എന്നതുതന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
ഫാഫ് ഡു പ്ലെസസിന്റെ പരിക്കിന് പിന്നാലെയാണ് അഴിച്ചുവെച്ച പടനായകന്റെ കുപ്പായം ഒരിക്കല്‍ക്കൂടി വിരാട് എടുത്തണിഞ്ഞത്. വിരാട് എന്ന ക്യാപ്റ്റന്റെ മാസ്മരികത ഒരിക്കല്‍ക്കൂടി മൊഹാലിയില്‍ വെച്ച് ക്രിക്കറ്റ് ലോകം കാണുകയായിരുന്നു.
മത്സരത്തിന്റെ ടോസ് മുതല്‍ ടീമിന്റെ വിജയം വരെ ക്യാപ്റ്റന്റെ റോളില്‍ വിരാട് നിര്‍ണായകമായി.
മത്സരത്തില്‍ ബാറ്റിങ്ങിലും തിളങ്ങിയ വിരാട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. 47 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമായാണ് വിരാട് കളം നിറഞ്ഞ് കളിച്ചത്. ആദ്യ വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിസിനൊപ്പം തകര്‍പ്പന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനും വിരാടിന് സാധിച്ചു.
☑️ 36th Fifty as RCB Captain
☑️ 48th Fifty in IPL
☑️ 4th Fifty this season
— Royal Challengers Bangalore (@RCBTweets) April 20, 2023
ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 131 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വിരാടിനെ പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. ബ്രാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.
വിരാടിന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ 6500 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചു. തന്റെ 183ാം മത്സരത്തിലാണ് വിരാട് ഈ അപൂര്‍വ നേട്ടത്തിലേക്ക് നടന്നുകയറിയത്.
ബൗളിങ്ങില്‍ മുഹമ്മദ് സിറാജിന് മുമ്പില്‍ ഉത്തരമില്ലാതെ പഞ്ചാബ് വിറച്ചപ്പോള്‍ അവരുടെ പതനവും വേഗത്തിലായി. നാല് ഓവര്‍ പന്തെറിഞ്ഞ് 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടും സിറാജിന്റെ പേരില്‍ കുറക്കപ്പെട്ടിരുന്നു. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും സിറാജിനെ തന്നെയായിരുന്നു.
Content highlight: Virat Kohli becomes the first captain to score 6500 t20 runs