സച്ചിന്‍ പോലും അതില്‍ പരാജയപ്പെട്ടു; ചരിത്രത്തിലാദ്യം, ഇതിഹാസ നേട്ടവുമായി കിങ്
Sports News
സച്ചിന്‍ പോലും അതില്‍ പരാജയപ്പെട്ടു; ചരിത്രത്തിലാദ്യം, ഇതിഹാസ നേട്ടവുമായി കിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 3:52 pm

 

 

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അഞ്ഞൂറാമത് മത്സരത്തിനാണ് വിരാട് ക്യൂന്‍സ് പാര്‍ക് ഓവലിലിറങ്ങിയത്.

ഈ നേട്ടം കൈവരിക്കുന്ന പത്താമത് താരവും നാലാമത് ഇന്ത്യന്‍ താരവുമാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി, സൂപ്പര്‍ താരം രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ 500 മത്സരങ്ങള്‍ പിന്നിട്ടത്.

എന്നാല്‍ ഇവരാര്‍ക്കും നേടാന്‍ സാധിക്കാത്ത അത്യപൂര്‍വ നേട്ടമാണ് വിരാട് തന്റെ 500 മത്സരത്തില്‍ സ്വന്തമാക്കിയത്. 500ാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.

 

ജോമല്‍ വാരികന്‍ എറിഞ്ഞ 67ാം ഓവറിലെ ആദ്യ പന്തില്‍ ഡബിള്‍ ഓടിയാണ് വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിലവില്‍ 161 പന്തില്‍ നിന്നും 87 റണ്‍സുമായി ബാറ്റിങ് തുടരുന്ന വിരാട് തന്റെ കരിയറിലെ 76ാം അന്താരാഷ്ട്ര സെഞ്ച്വറി വിരാട് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് മറ്റൊരു റെക്കോഡാകുമെന്നും ഉറപ്പാണ്.

ഇതിനൊപ്പം മറ്റൊരു നേട്ടവും വിരാട് തന്റെ 500ാം മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം ജാക്വസ് കാലിസിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയാണ് വിരാട് തരംഗമായത്.

 

പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുമ്പ് 25,461 റണ്‍സായിരുന്നു വിരാടിന്റെ പേരിലുണ്ടായിരുന്നത്, കാലിസിനെക്കാള്‍ 73 റണ്‍സിന്റെ മാത്രം കുറവ്. 25,534 റണ്‍സാണ് കാലിസ് തന്റെ ഐതിഹാസിക കരിയറില്‍ സ്വന്തമാക്കിയത്. എന്നാല്‍ ക്യൂന്‍സ് പാര്‍ക്കില്‍ 87 റണ്‍സുമായി ബാറ്റിങ് തുടരുന്ന വിരാട് കാലിസിനെ മറികടന്നിരിക്കുകയാണ്.

റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 15ല്‍ ഉള്‍പ്പെട്ട ഏക ആക്ടീവ് ക്രിക്കറ്ററും വിരാട് മാത്രമാണ്. പട്ടികയില്‍ 17ാം സ്ഥാനത്തുള്ള ജോ റൂട്ടാണ് പട്ടികയിലെ രണ്ടാം ആക്ടീവ് ക്രിക്കറ്റര്‍മാരിലെ രണ്ടാമന്‍. 18,336 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം.

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – രാജ്യം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34,357

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28,016

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 27,483

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 25,957

വിരാട് കോഹ്‌ലി- ഇന്ത്യ – 25,548*

ജാക്വസ് കാലിസ് – സൗത്ത് ആഫ്രിക്ക – 25,534

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 24,208

 

Content Highlight: Virat Kohli becomes the first batter to score half century in 500th international match