| Thursday, 10th November 2022, 3:40 pm

കിങ് ഓഫ് ക്രിക്കറ്റ് എന്ന് വെറുതെ വിളിക്കുന്നതല്ല; മറ്റാര്‍ക്കുമില്ല, ആ നേട്ടത്തിനും ആദ്യത്തെ അവകാശി വിരാട് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു അപൂര്‍വ റെക്കോഡും. അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്നും 4,000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ലിയാം ലിവിങ്സ്റ്റണെതിരെ ബൗണ്ടറി നേടിയതിന് പിന്നാലെയാണ് 4,000 അന്താരാഷ്ട്ര ടി-20 റണ്‍സ് എന്ന മൈല്‍ സ്റ്റോണ്‍ വിരാട് പിന്നിട്ടത്. ടി-20 ചരിത്രത്തില്‍ തന്നെ ഇ നേട്ടം കൈപ്പിടിയിലൊതുക്കുന്ന ആദ്യ താരമാണ് വിരാട്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് പിന്നാലെ 4,008 റണ്‍സാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. 115 മത്സരത്തിലെ 107 ഇന്നിങ്‌സുകളില്‍ നിന്നുമാണ് വിരാട് ഈ അസുലഭ നേട്ടത്തിന് ഉടമയായിരിക്കുന്നത്.

52.73 എന്ന ശരാശരിയിലും 137.96 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സ് നേടുന്നത്. ഒരു സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയുമടക്കമാണ് വിരാട് 4,000 എന്ന മാര്‍ക്കിലെത്തിയത്. 356 ബൗണ്ടറിയും 117 സിക്‌സറുകളും വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്.

ഈ നേട്ടം രണ്ടാമത് മറികടക്കാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നതും മറ്റൊരു ഇന്ത്യന്‍ താരത്തിനാണ്. 148 മത്സരത്തില്‍ നിന്നും 3,853 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ടി-20 റണ്‍വേട്ടക്കാരുടെ പട്ടികയിലെ രണ്ടാമന്‍.

മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് ഇതിഹാസം മാര്‍ട്ടിന്‍ ഗപ്ടില്ലും നാലാം സ്ഥാനത്ത് പാക് നായകന്‍ ബാബര്‍ അസവുമുണ്ട്. 98 മത്സരത്തില്‍ നിന്നും 3,323 റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്.

അതേസമയം, ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയലക്ഷ്യം കുറിച്ചിരിക്കുകയാണ്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

അര്‍ധ സെഞ്ച്വറി നേടിയ വിരാടിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. പതിയെ തുടങ്ങി കത്തിക്കയറിയ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് ഇന്ത്യയെ താരതമ്യേന മികച്ച സ്‌കോറിലെത്തിച്ചത്.

33 പന്തില്‍ നിന്നും 63 റണ്‍സാണ് ഹര്‍ദിക് നേടിയത്. നാല് ബൗണ്ടറിയും അഞ്ച് സിക്‌സറുമായി ഹര്‍ദിക് വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ 40 പന്തില്‍ നിന്നും 50 റണ്‍സുമായി വിരാട് കട്ടക്ക് കൂടെനിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 33 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 18 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറും 13 റണ്‍സുമായി അലക്‌സ് ഹേല്‍സുമാണ് ക്രീസില്‍.

Content highlight: Virat Kohli becomes the first batter to score 4000 T20 international runs

We use cookies to give you the best possible experience. Learn more