| Sunday, 5th November 2023, 8:27 pm

50ാം സെഞ്ച്വറി, നേട്ടത്തില്‍ ഒരേയൊരാള്‍; ഒപ്പം തിരുത്തിക്കുറിച്ചത് ചരിത്രവും; ഒറ്റ മത്സരത്തില്‍ വിരാട് നേടിയത്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെ തന്റെ 49ാം സെഞ്ച്വറി നേട്ടം ആഘോഷിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. തന്റെ പിറന്നാള്‍ ദിനത്തില്‍ നേടിയ ഈ ട്രിപ്പിള്‍ ഡിജിറ്റ് നേട്ടത്തിന് പിന്നാലെ 49 അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഐതിഹാസിക റെക്കോഡിനൊപ്പമെത്താനും വിരാട് കോഹ്‌ലിക്കായി.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും വിരാട് കോഹ്‌ലിയെ തേടിയെത്തിയിരിക്കുകയാണ്. അതില്‍ പ്രധാനം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ്. 49 ഏകദിന സെഞ്ച്വറിക്കൊപ്പം ടി-20യില്‍ അഫ്ഗാനെതിരെ നേടിയ സെഞ്ച്വറി നേട്ടമാണ് വിരാടിനെ ഈ നേട്ടത്തിലെത്തിച്ചത്.

ഏകദിനത്തില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന രണ്ടാമത് താരം എന്ന നേട്ടവും ഇതോടെ വിരാട് സ്വന്തമാക്കിയിരുന്നു. 278 ഇന്നിങ്‌സുകളില്‍ നിന്നുമായി 119ാം തവണയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കുന്നത്. 452 ഇന്നിങ്‌സില്‍ നിന്നും 145 തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയ സച്ചിനാണ് പട്ടികയിലെ ഒന്നാമന്‍.

ഇതിന് പുറമെ ഇന്ത്യന്‍ മണ്ണില്‍ 6,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി മാറാനും വിരാട് കോഹ് ലിക്ക് സാധിച്ചു.

പ്രോട്ടീസിനെതിരായ മത്സരത്തില്‍ 58 റണ്‍സ് നേടിയതിന് പിന്നാലെ ഈ ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരമായി വിരാട് മാറി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ബാറ്ററാണ് വിരാട്.

സെഞ്ച്വറി നേട്ടത്തിന് പിന്നാലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും വിരാടിനായി. എട്ട് മത്സരത്തില്‍ നിന്നും 543 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. എട്ട് മാച്ചില്‍ നിന്നും 550 റണ്‍സുള്ള ക്വിന്റണ്‍ ഡി കോക്കാണ് പട്ടികയിലെ ഒന്നാമന്‍.

ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും വിരാട് കോഹ് ലിക്കായി. 34 മത്സരത്തില്‍ നിന്നും 1,571 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്.

42 ഇന്നിങ്‌സില്‍ നിന്നും 1,743 റണ്‍സ് നേടിയ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും 44 ഇന്നിങ്‌സില്‍ നിന്നും 2,278 റണ്‍സടിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് പട്ടികയില്‍ വിരാടിന് മുമ്പിലുള്ളത്.

Content Highlight: Virat Kohli becomes the first batter to complete 50 centuries in white ball format

We use cookies to give you the best possible experience. Learn more