സെഞ്ച്വറിയടിച്ചില്ലെങ്കിലെന്താ 30 സെഞ്ച്വറി ഒന്നിച്ചടിച്ച പോലെ; ആ ഐതിഹാസിക നേട്ടത്തിന് ഇനി പേര് വിരാട് കോഹ്‌ലി
icc world cup
സെഞ്ച്വറിയടിച്ചില്ലെങ്കിലെന്താ 30 സെഞ്ച്വറി ഒന്നിച്ചടിച്ച പോലെ; ആ ഐതിഹാസിക നേട്ടത്തിന് ഇനി പേര് വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd October 2023, 10:58 pm

2023 ലോകകപ്പിലെ 21ാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ബൗളിങ്ങില്‍ മുഹമ്മദ് ഷമി ഫൈഫര്‍ തികച്ച് തിളങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്.

104 പന്തില്‍ 95 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്. സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തില്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.

ബ്ലാക് ക്യാപ്‌സിനെതിരെ സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു ഐതിഹാസിക റെക്കോഡ് വിരാട് ഈ മത്സരത്തിനിടെ സ്വന്തമാക്കിയിരുന്നു.

ഐ.സി.സി ലിമിറ്റഡ് ഓവര്‍ ഇവന്റുകളില്‍ 3,000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ താരവും ഏക താരവും വിരാട് തന്നെയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ വിരാടിന്റെ സഹതാരമായിരുന്ന വിന്‍ഡീസ് ഹാര്‍ഡ് ഹിറ്റര്‍ ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2,942 റണ്‍സാണ് ഐ.സി.സി ലിമിറ്റഡ് ഓവര്‍ വേള്‍ഡ് കപ്പുകളില്‍ നിന്നുമായി ഗെയ്ല്‍ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലെ വെടിക്കെട്ടിന് പിന്നാലെ 2023 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും വിരാട് കോഹ്‌ലിക്കായി. അഞ്ച് മത്സരത്തില്‍ നിനനും 118.00 എന്ന ശരാശരിയില്‍ 354 റണ്‍സാണ് വിരാട് നേടിയത്.

റണ്‍വേട്ടക്കാരുടെ പട്ടികയിലെ രണ്ടാമനും ഇന്ത്യന്‍ താരമാണ്. അഞ്ച് മത്സരത്തില്‍ നിന്നും 62.20 ശരാശരിയില്‍ 311 റണ്‍സുമായി രോഹിത് ശര്‍മയാണ് രണ്ടാമന്‍.

2023 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും മറ്റൊരു പട്ടികയില്‍ ഇടം നേടി. ഏറ്റവും മികച്ച ബൗളിങ് ഫിഗേഴ്‌സിലാണ് താരം ഇടം നേടിയത്.

പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് ലോകകപ്പില്‍ ഇതുവരെയുള്ള മികച്ച ബൗളിങ് പ്രകടനം. ഇതേ ബൗളിങ് ഫിഗറുമായി പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും പട്ടികയില്‍ ഒന്നാമനായി ഇടം നേടിയിട്ടുണ്ട്.

വരും മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ഇതേ ഡോമിനേഷന്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഒക്ടോബര്‍ 29നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

 

CONTENT HIGHLIGHT: Virat Kohli becomes the first batter to complete 3,000 runs in ICC limited over tournaments