അടിച്ചൊതുക്കി വിരാട്; ഈ ലോകകപ്പിലെ ആദ്യ ഏഷ്യന്‍; മറ്റൊരു റെക്കോഡില്‍ കരിയറും തിരുത്തിക്കുറിച്ചു
icc world cup
അടിച്ചൊതുക്കി വിരാട്; ഈ ലോകകപ്പിലെ ആദ്യ ഏഷ്യന്‍; മറ്റൊരു റെക്കോഡില്‍ കരിയറും തിരുത്തിക്കുറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th November 2023, 5:37 pm

2023 ലോകകപ്പിലെ 37ാം മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ഓപ്പണര്‍മാര്‍ നല്‍കിയത്. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 62 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

24 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറുമായി മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. കഗീസോ റബാദയുടെ പന്തില്‍ പ്രോട്ടീസ് നായകന്‍ തെംബ ബാവുമക്ക് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്റെ മടക്കം.

രോഹിത് പുറത്തായതിന് പിന്നാലെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ക്രീസിലെത്തിയത്. ശുഭ്മന്‍ ഗില്ലിനൊപ്പവും, 23 റണ്‍സടിച്ച ഗില്‍ പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്കൊപ്പവും വിരാട് മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

വിരാടും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 135 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാടിനെ തേടിയെത്തിയിരുന്നു. ഈ ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യന്‍ താരം എന്ന റെക്കോഡാണ് വിരാടിനെ തേടിയത്.

ഇതിന് മുമ്പ് ഏഴ് മത്സരത്തില്‍ നിന്നും 442 റണ്‍സാണ് വിരാട് നേടിയിരുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെ 58 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് 500 റണ്‍സ് എന്ന മാര്‍ക് വിരാട് പിന്നിട്ടത്.

സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്, ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്ര എന്നിവരാണ് ഈ ലോകകപ്പില്‍ ഇതിനോടകം 500 റണ്‍സ് മാര്‍ക് പിന്നിട്ട മറ്റ് താരങ്ങള്‍.

ഇതിന് പുറമെ ഇന്ത്യന്‍ മണ്ണില്‍ 6,000 ഏകദിന റണ്‍സ് എന്ന നേട്ടത്തിലെത്താനും മോഡേണ്‍ ഡേ ഗ്രേറ്റിന് സാധിച്ചിരുന്നു.

അതേസമയം, ഇന്ത്യന്‍ ഇന്നിങ്‌സ് 42 ഓവര്‍ പിന്നിടുമ്പോള്‍ 249 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 102 പന്തില്‍ 78 റണ്‍സുമായി വിരാട് കോഹ്‌ലിയും 16 പന്തില്‍ എട്ട് റണ്‍സ് നേടിയ കെ. എല്‍. രാഹുലുമാണ് ക്രീസില്‍.

87 പന്തില്‍ 77 റണ്‍സടിച്ച ശ്രേയസ് അയ്യരിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടപ്പെട്ടത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് അയ്യര്‍ റണ്‍സടിച്ചുകൂട്ടിയത്.

ലോകകപ്പില്‍ ഇതിനോടകം തന്നെ സെമി ബെര്‍ത് ഉറപ്പിച്ച ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനാണ് ഈഡന്‍ ഗാര്‍ഡന്‍സിലേക്കിറങ്ങിയത്. അതേസമയം, ഇന്ത്യയെ പരാജയപ്പെടുത്തി സെമി ഫൈനല്‍ ഉറപ്പിക്കാനാണ് സൗത്ത് ആഫ്രിക്കയുടെ ശ്രമം.

 

Content Highlight: Virat Kohli becomes the first Asian batter to complete 500 runs in 2023 World cup