ദ്രാവിഡിന്റെ റെക്കോഡ് തരിപ്പണമാക്കി കോഹ്‌ലി; അടുത്ത ലക്ഷ്യം സച്ചിന്‍
Sports News
ദ്രാവിഡിന്റെ റെക്കോഡ് തരിപ്പണമാക്കി കോഹ്‌ലി; അടുത്ത ലക്ഷ്യം സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th September 2022, 1:05 pm

ഹൈദരാബാദില്‍ നടന്ന ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ കങ്കാരുപ്പടയെ കീഴ്‌പ്പെടുത്തിയത്. മത്സരത്തില്‍ മികച്ച ഇന്നിങ്സിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡ് ബ്രേക്ക് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി.

ഇന്നലെ നടന്ന മത്സരത്തിലൂടെ തന്റെ കരിയറിലെ 33ാം അര്‍ധ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 48 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ കോഹ്ലി മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-1ന് കീഴടക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന ദ്രാവിഡിന്റെ റെക്കോഡാണ് കോഹ്ലി തകര്‍ത്തിരിക്കുന്നത്. 102 ടെസ്റ്റുകളും 262 ഏകദിനങ്ങളും 107 ടി-20കളും ഉള്‍പ്പെടുന്ന ഫോര്‍മാറ്റുകളിലായി കോഹ്ലി ഇതിനകം 24,078 റണ്‍സാണ് ഇന്ത്യക്കായി നേടിയിട്ടുള്ളത്.

അതേസമയം ഇന്ത്യന്‍ ഇതിഹാസവും ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാമായ രാഹുല്‍ ദ്രാവിഡ് വിവിധ ഫോര്‍മാറ്റുകളിലുടനീളം 24064 റണ്‍സുമായാണ് തന്റെ കരിയര്‍ പൂര്‍ത്തിയാക്കിയത്. കരിയറില്‍ ഇന്ത്യ, ഏഷ്യ, ഐ.സി.സി. ടീമുകളെ പ്രതിനിധീകരിച്ച് 24,208 റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 664 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 34,357 റണ്‍സ് നേടിയാണ് കരിയറില്‍ നിന്ന് വിരമിക്കുന്നത്. ഇപ്പോള്‍ 24,078 റണ്‍സുമായാണ് കോഹ്‌ലി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 471 മത്സരങ്ങളിലായാണ് താരം റെക്കോഡ് സ്‌കോര്‍ സ്വന്തമാക്കുന്നത്.

421 മത്സരങ്ങളില്‍ നിന്ന് 18,433 റണ്‍സ് നേടി സൗരവ് ഗാംഗുലിയാണ് നാലാം സ്ഥാനത്തുള്ളത്. 17,092 റണ്‍സോടെ 535 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് ധോണിയും പുറകിലുണ്ട്.

ഹൈദരാബാദിലെ കോഹ്ലിയുടെ പ്രകടനം അദ്ദേഹം തന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ അടയാളപ്പെടുത്തുന്നത്. യു.എ.ഇയില്‍ അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ തന്റെ കന്നി ടി-20 ഐ സെഞ്ച്വറി നേടിയ താരം കരിയറില്‍ അഭിമുഖീകരിച്ചു കൊണ്ടിരുന്ന തന്റെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

Content Highlight: Virat Kohli becomes second highest run getter for India