അരമണിക്കൂറിനിടയില്‍ സ്വന്തമാക്കിയത് സച്ചിന്റെ ഇരട്ട റെക്കോഡുകള്‍; അഭിമാനത്തോടെ ഇവനെ കിരീടമണിയിക്കൂ സച്ചിന്‍...
icc world cup
അരമണിക്കൂറിനിടയില്‍ സ്വന്തമാക്കിയത് സച്ചിന്റെ ഇരട്ട റെക്കോഡുകള്‍; അഭിമാനത്തോടെ ഇവനെ കിരീടമണിയിക്കൂ സച്ചിന്‍...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 5:25 pm

ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന ഐതിഹാസിക റെക്കോഡും തന്റെ പേരിലാക്കി മോഡേണ്‍ ഡേ ലെജന്‍ഡ് വിരാട് കോഹ്‌ലി.

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെയാണ് വിരാടിനെ തേടി ഈ ചരിത്ര നേട്ടമെത്തിയത്.

50 ഓവര്‍ ഫോര്‍മാറ്റില്‍ വിരാടിന്റെ 50ാം സെഞ്ച്വറി നേട്ടമാണിത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോഡും പഴങ്കഥയായി. 49 ഏകദിന സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുണ്ടായിരുന്നത്.

കരിയറിലെ 80ാം സെഞ്ച്വറിയാണ് വിരാട് വാംഖഡെയില്‍ കുറിച്ചത്. ഏകദിനത്തില്‍ 50 സെഞ്ച്വറി നേടിയ വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ 29 സെഞ്ച്വറിയും ടി-20യില്‍ ഒരു സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ റെക്കോഡിന് പുറമെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു.

 

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 80 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് വിരാട് സച്ചിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.

2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സായിരുന്നു ലോകകപ്പ് റെക്കോഡായി 20 വര്‍ഷക്കാലം തലയുയര്‍ത്തി നിന്നത്. എന്നാല്‍ ആ റെക്കോഡും വിരാട് തന്റെ പേരിലേക്ക് മാറ്റിയെഴുതുകയായിരുന്നു.

അതേസമയം, 43 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 314 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 109 പന്തില്‍ 107 റണ്‍സുമായി വിരാട് കോഹ്‌ലിയും 55 പന്തില്‍ 74 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചിരുന്നു. 65 പന്തില്‍ 79 റണ്‍സ് നേടി നില്‍ക്കവെ ഗില്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്താവുകയായിരുന്നു.

 

Content Highlight: Virat Kohli becomes first ever batter to complete 50 ODI half centuries