ഒരേയൊരു കിങ്; സച്ചിനെ പടിയിറക്കിവിട്ട് വമ്പന്‍ നേട്ടവുമായി കോഹ്‌ലി
Sports News
ഒരേയൊരു കിങ്; സച്ചിനെ പടിയിറക്കിവിട്ട് വമ്പന്‍ നേട്ടവുമായി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th February 2023, 3:28 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ചരിത്രനേട്ടം സൃഷ്ടിച്ച് വിരാട് കോഹ്‌ലി. കരിയറില്‍ 25,000 അന്താരാഷ്ട്ര റണ്‍സ് തികച്ചാണ് വിരാട് ചരിത്രം കുറിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 25,000 റണ്‍സ് തികയ്ക്കുന്ന ആറാമത് മാത്രം ഇന്ത്യന്‍ താരമാണ് വിരാട്. ആക്ടീവ് ക്രിക്കറ്ററര്‍മാരില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏക താരവും വിരാട് തന്നെ.

ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം എന്ന റെക്കോഡും വിരാട് ഇതോടെ സ്വന്തമാക്കി. 549 ഇന്നിങ്‌സുകളില്‍ നിന്നുമാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് ലെജന്‍ഡുകളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും റിക്കി പോണ്ടിങ്ങിനെയും അടക്കം മറികടന്നാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.

വേഗത്തില്‍ 25,000 റണ്‍സ് സ്വന്തമാക്കിയ താരങ്ങള്‍ (ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍)

വിരാട് കോഹ്‌ലി – 549

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 577

റിക്കി പോണ്ടിങ് – 588

ജാക്വസ് കാലിസ് – 594

കുമാര്‍ സംഗക്കാര – 608

ഏകദിനത്തില്‍ നിന്നുമാണ് വിരാട് ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയത്. കളിച്ച 271 എകദിനത്തിലെ 262 ഇന്നിങ്സുകളില്‍ നിന്നുമായി 12,809 റണ്‍സാണ് വിരാട് നേടിയത്. 183 റണ്‍സാണ് ഏകദിനത്തില്‍ വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 46 തവണ സെഞ്ച്വറി തികച്ച കോഹ്‌ലി 64 അര്‍ധ സെഞ്ച്വറികളും തന്റെ പേരിലാക്കിയിട്ടുണ്ട്.

8,195 റണ്‍സാണ് 107 ടെസ്റ്റ് മത്സരത്തിലെ 180 ഇന്നിങ്സുകളില്‍ നിന്നും കോഹ്‌ലി തന്റെ പേരില്‍ കുറിച്ചത്. 27 തവണ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ വിരാട് ഏഴ് തവണ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. 28 അര്‍ധ സെഞ്ച്വറികളാണ് താരം ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും സ്വന്തമാക്കിയത്.

ടി-20യിലെ 115 മത്സരത്തിലെ 107 ഇന്നിങ്സില്‍ നിന്നും 4,008 റണ്‍സാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ 122 റണ്‍സാണ് വിരാടിന്റെ ടി-20 കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടി-20 ഫോര്‍മാറ്റില്‍ വിരാട് മൂന്നക്കം കണ്ടതും ഈയൊരു തവണ മാത്രമാണ്.

 

Content highlight: Virat Kohli becomes fastest batter to score 25000 international runs