ടി-20 ലോകകപ്പിന്റെ 2022 എഡിഷന് തിരശീല വീണിരിക്കുകയാണ്. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി തങ്ങളുടെ രണ്ടാം കിരീടം നേടിയാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് വിട പറഞ്ഞിരിക്കുന്നത്.
ടൂര്‍ണമെന്റെിന്റെ താരമായി ഇംഗ്ലണ്ടിന്റെ സാം കറനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാര നേട്ടത്തിന് അധികമൊന്നും പറഞ്ഞുകേള്‍ക്കാത്ത പേരായിരുന്നു കറന്റേത്.
വിരാട് കോഹ്‌ലി, സിക്കന്ദര്‍ റാസ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങളില്‍ ആര്‍ക്കെങ്കിലും പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി മാറാന്‍ വിരാടിന് സാധിച്ചിരുന്നു. ആറ് മത്സരത്തില്‍ നിന്നും 296 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഈ നേട്ടത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു റെക്കോഡുമെത്തിയിരിക്കുകയാണ്. ഐ.സി.സി ലോകകപ്പിന്റെ ഉദ്ഘാടന സീസണ്‍ മുതലിങ്ങോട്ട് ഒരാള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമാണ് ഇപ്പോള്‍ വിരാട് കോഹ്‌ലി തന്റെ പേരിലാക്കിയിരിക്കുന്നത്.
ലോകകപ്പിന്റെ രണ്ട് വിവിധ എഡിഷനുകളില്‍ ലീഡിങ് റണ്‍ സ്‌കോററായ ഏക താരമാണ് വിരാട് കോഹ്‌ലി. ഈ ലോകകപ്പിന് പുറമെ 2014 എഡിഷനിലും വിരാട് തന്നെയായിരുന്നു റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍.
ബംഗ്ലാദേശില്‍ വെച്ച നടന്ന 2014 ലോകകപ്പിലാണ് വിരാട് കോഹ്‌ലി ആദ്യമായി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. അന്ന് ആറ് മത്സരത്തില്‍ നിന്നും 106.33 ശരാശരയില്‍ 319 റണ്‍സാണ് താരം സ്വന്തമാക്കിയത്.
നാല് അര്‍ധ സെഞ്ച്വറിയടക്കം 129.14 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ റെക്കോഡ് നേട്ടം.
ഈ സീസണില്‍ ആറ് മത്സരത്തില്‍ നിന്നും 296 റണ്‍സായിരുന്നു വിരാട് സ്വന്തമാക്കിയത്. 98.66 ശരാശരിയില്‍ 136.40 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.
2014ന് സമാനമായി നാല് അര്‍ധ സെഞ്ച്വറിയും വിരാട് സ്വന്തമാക്കിയരുന്നു.
വിരാട് ലീഡിങ് റണ്‍ ഗെറ്ററായ ഈ രണ്ട് ലോകകപ്പിലും കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 2014ല്‍ ഫൈനലില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടും 2022ല്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റുമായിരുന്നു ഇന്ത്യ പുറത്തായത്. ഈ രണ്ട് മത്സരത്തിലും വിരാട് അര്‍ധ സെഞ്ച്വറി നേടിയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
Content highlight: Virat Kohli became the first player to score the most runs in two T20 World Cups