| Saturday, 30th October 2021, 3:58 pm

നട്ടെല്ലില്ലാത്തവരാണ് ഷമിയെ ആക്രമിക്കുന്നത്; ഒടുവില്‍ ഷമിയെ പിന്തുണച്ച് വിരാട് കോഹ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: മുഹമ്മദ് ഷമിയ്‌ക്കെതിരായ വംശീയ ആക്രമണങ്ങളില്‍ ഒടുവില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഷമിയെ അധിക്ഷേപിക്കുന്നവര്‍ നട്ടെല്ലില്ലാത്തവരാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

‘നട്ടെല്ലില്ലാത്ത ഒരുകൂട്ടമാളുകളെപ്പോലെ സോഷ്യല്‍ മീഡിയയിലല്ല ഞങ്ങള്‍ കളിക്കുന്നത്, മൈതാനത്താണ്. ഇത്തരക്കാര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ഒരു ധൈര്യവുമുണ്ടാവില്ല,’ കോഹ്‌ലി പറഞ്ഞു.

കളിക്കാര്‍ക്ക് പരസ്പരം അറിയാമെന്നും ടീമിന്റെ കരുത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. ബുംറയ്‌ക്കൊപ്പം ഇന്ത്യന്‍ ടീമിലെ ഒന്നാം നമ്പര്‍ താരമാണ് ഷമി. മതത്തിന്റെ പേരില്‍ ഒരിക്കലും വ്യക്തിപരമായി താന്‍ ആരേയും വേര്‍തിരിച്ച് കാണാറില്ലെന്നും ചോദ്യത്തിന് മറുപടിയായി കോഹ്‌ലി പറഞ്ഞു.


ഷമിയ്ക്ക് ടീമിന്റെ പിന്തുണയുണ്ടെന്നും യാതൊരു വിവേചനവും ടീമിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഷമിയ്ക്ക് പരോക്ഷ പിന്തുണയുമായി ബി.സി.സി.ഐ രംഗത്തെത്തിയിരുന്നു. മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും ഇര്‍ഫന്‍ പത്താനും ഷമിയെ പിന്തുണച്ചിരുന്നു.

അതേസമയം ക്യാപ്റ്റന്‍ കോഹ്‌ലി, ഷമിയെ പിന്തുണച്ച് രംഗത്തെത്താതില്‍ വലിയ വിമര്‍ശനമുണ്ടായിരുന്നു.

പാകിസ്ഥാനോട് ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഒരോവറില്‍ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.

ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Virat Kohli backs Muhammed Shami India vs Pakistan

We use cookies to give you the best possible experience. Learn more