ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുമ്പ് നടക്കുന്ന സന്നാഹ മത്സരത്തില്‍ ജോ റൂട്ടിനെ അനുകരിക്കാന്‍ ശ്രമിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ലെസ്റ്റര്‍ഷെയറിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിലാണ് വിരാട് ജോ റൂട്ട് കാണിച്ച ഒരു വിദ്യ അനുകരിക്കാന്‍ ശ്രമിച്ചത്.
ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയുടെ സമയത്തായിരുന്നു ജോ റൂട്ട് ബാറ്റ് ഉപയോഗിച്ച് ഒരു മാജിക് കാണിച്ചത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കവെ ബാറ്റ് കൈകൊണ്ടു തൊടാതെ കുത്തനെ നിര്‍ത്തിയായിരുന്നു റൂട്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
റൂട്ടിന്റെ ബാലന്‍സിങ് ആക്ട് വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.
ഇപ്പോള്‍ ഇന്ത്യ – ലെസ്റ്റര്‍ഷെയര്‍ മത്സരത്തിനിടെ വിരാട് കോഹലിയും ഇതേ വിദ്യ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബാറ്റ് കോഹ്‌ലിയെ അനുസരിക്കാതെ വീണുകൊണ്ടേയിരുന്നു.
രണ്ട് മൂന്ന് തവണ കോഹ്‌ലി ബാറ്റ് കുത്തനെ നിര്‍ത്താന്‍ മെനക്കെട്ടിരുന്നു, എന്നാല്‍ നടക്കില്ല എന്ന് കണ്ടതോടെ താരം ആ പരിപാടി നിര്‍ത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ആ മാജിക് കാണിക്കാന്‍ റൂട്ടിനെക്കൊണ്ട് മാത്രമേ സാധിക്കൂ’ ‘അത് ജോ റൂട്ട്, ഇത് നീ’ തുടങ്ങിയ മറുപടികളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ബുംറയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ സന്നാഹ മത്സരത്തില്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാണ് കളിക്കുന്നത്. രോഹിത് ശര്‍മയ്‌ക്കെതിരെ ബുംറ പന്തെറിയുന്നതും റിഷബ് പന്ത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതും വണ്‍സ് ഇന്‍ എ ലൈഫ് ടൈം മൊമന്റായിരുന്നു.
ലെസ്റ്റര്‍ഷെയറിന് മുമ്പില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം പതറുന്ന കാഴ്ചയായിരുന്നു കണ്ടത്. ചായയ്ക്ക് പിരിയും മുമ്പേ ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു. 33 റണ്‍സെടുത്ത വിരാട് കോഹ്‌ലിയെയാണ് ഒടുവില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.
കെ. എസ്. ഭരതാണ് ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ 175 റണ്‍സാണ് ഇന്ത്യയുടെ പക്കലുള്ളത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, കെ.എസ്. ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ലെസ്റ്റര്‍ഷെയര്‍: സാം ഇവന്‍സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, സാം ബേറ്റ്സ്, നാറ്റ് ബൗളി, വില്‍ ഡേവിസ്, ജോയി എവിസണ്‍, ലൂയിസ് കിംബര്‍, അബി സകന്ദേ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പൂജാര, റിഷബ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
Content Highlight: Virat Kohli Attempts To Recreate Joe Root’s Bat-Balancing Magic Act During India vs Leicestershire Practice Game