ടി-20 ലോകകപ്പിന്റെ ആവേശം ആരംഭിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷമുള്ള സൂപ്പര്‍ 12 മത്സരങ്ങളാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും ഉറ്റുനോക്കുന്നത്.
ഒക്ടോബര്‍ 23ന് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടുന്നതിന് മുമ്പായുള്ള സന്നാഹ മത്സരങ്ങളാണ് ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് മുമ്പില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണുള്ളത്. ഓസ്‌ട്രേലിയക്കെതിരെയുള്ള സന്നാഹ മത്സരം തിങ്കളാഴ്ച ഗാബയില്‍ വെച്ച് നടക്കും.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന സന്നാഹമത്സരത്തില്‍ ഒരു വിജയവും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂവിനെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ അട്ടിമറിച്ചു.
രണ്ട് മത്സരത്തിലും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പൂര്‍ണമായും വിശ്രമിക്കാതെ ഫീല്‍ഡിങ്ങിനും ഇറങ്ങിയിരുന്നു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ വാട്ടര്‍ ബോയ്‌യുടെ റോളിലെത്തിയാണ് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചത്. തന്റെ സ്റ്റാര്‍ വാല്യുവോ ടീമിലെ തന്റെ സ്റ്റാറ്റസോ നോക്കാതെയായിരുന്നു യുവതാരങ്ങള്‍ക്കായി അദ്ദേഹം ഗ്രൗണ്ടിലേക്ക് വെള്ളമെത്തിച്ച് നല്‍കിയത്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരം ടി.വിയിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോണിലോ സ്ട്രീം ചെയ്തിരുന്നില്ല. ഈ വീഡിയോ ഒന്നാം സന്നാഹമത്സരത്തില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്.
സഹതാരങ്ങള്‍ക്ക് വെള്ളം കൊണ്ടുചെന്ന് നല്‍കുമ്പോഴും ഫുള്‍ എനര്‍ജിയില്‍ ചിരിച്ചു കളിച്ച് അവരെയും മോട്ടിവേറ്റ് ചെയ്യുന്ന രീതിയിലായിരുന്നു വിരാട് എത്തിയത്.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം സന്നാഹ മത്സരത്തില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
പെര്‍ത്തില്‍ വെച്ച് നടന്ന രണ്ടാം സന്നാഹമത്സരത്തിലായിരുന്നു വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇന്ത്യയെ അട്ടിമറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 132 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.