ന്യൂദല്‍ഹി: വിദേശ കളിക്കാരെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന വിരാട് കോഹ്‌ലിയുടെ വിദ്വേഷ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനുപിന്നാലെയാണ് നിലപാട് മയപ്പെടുത്തി കോഹ്‌ലി രംഗത്ത്.
തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുതെന്നും ആരാധകര്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിക്കുന്നുവെന്നും കോഹ്‌ലി പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താന്‍ പറഞ്ഞതിനെ കാര്യമായി എടുക്കേണ്ടെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു.
സമയം കളയാതെ ഈ ദീപാവലി ആഘോഷവേള ആസ്വദിക്കാനും ട്വീറ്റിലൂടെ കോഹ്‌ലി ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ആരാധകനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു. കോഹ്ലിയുടെ ബാറ്റിംഗിന് പ്രത്യേകതയില്ലെന്നും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ താന്‍ ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗാണ് ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ആരാധകന്റെ കമന്റ്.
ഈ കമന്റിനാണ് കോഹ്ലി വിദ്വേഷകരമായ മറുപടി നല്‍കിയത്. “നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്‌നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.” ഇതായിരുന്നു കോഹ്ലിയുടെ മറുപടി.
വിരാട് കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ “പാക്കിസ്ഥാനിലേക്കൂ പോകൂ” എന്ന് പറയുന്നതിന്റെ മറ്റൊരു രൂപം തന്നെയാണ് ഇന്ത്യന്‍ നായകനും പ്രകടിപ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.