കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ടീം ഇന്ത്യ കേപ്പ് ടൗണിലെത്തിയിരിക്കുകയാണ്. പോര്ട്ടീസിനെ തറപറ്റിക്കാന്‍ ടീം കഠിന പരിശീലനം നടത്തുമ്പോള്‍ ഇടയ്ക്ക് ഇടവേളയെടുത്ത് അനുഷ്കയ്ക്കൊപ്പം കറങ്ങാനും സമയം കണ്ടെത്തുന്നുണ്ട് വിരാട് കോഹ് ലി. ടീം ഇന്ത്യയ്ക്കൊപ്പം അനുഷ്കയും കഴിഞ്ഞ ദിവസം കേപ്പ് ടൗണിലെത്തിയിരുന്നു.
കറങ്ങി നടക്കുന്ന വിരാടിന്റേയും അനുഷ്കയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേപ്പ് ടൗണിലെ തെരുവുകളിലൂടെ താരങ്ങളുടെ ജാഡയില്ലാതെ കടകള്‍ കയറിയിറങ്ങുന്ന ഭാര്യയുടേയും ഭര്‍ത്താവിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
50 ശതമാനം ഓഫറുള്ള ഷോപ്പിന് മുമ്പില്‍ നില്ക്കുന്ന വിരാടിന്റേയും അനുഷ്കയുടേയും ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ട്രോളുകളും മിമുകളുമായി കായിക പ്രേമികള്‍ വിരുഷ്കയുടെ ഷോപ്പിംഗ് ആഘോഷിക്കുകയാണ്. എത്ര വലിയ താരമായാലും ഓഫറെന്ന ബോര്‍ഡുകണ്ടാല്‍ ഇന്ത്യക്കാര്‍ ചാടി വീഴുമെന്നും കല്യാണം കഴിഞ്ഞാല്‍ വിരാടായാലും ചെലവ് ചുരുക്കുമെന്നുമൊക്കെയാണ് ട്രോളുകള്‍.
ഡിസംബര്‍ 11നായിരുന്നു വിരാടും അനുഷ്കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായത്. ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കിടെ അവധിയെടുത്തായിരുന്നു വിരാട് വിവാഹത്തിനായി ഇറ്റലിയിലേക്ക് പറന്നത്.