തിരിച്ചുവരവില്‍ കാട്ടുതീയായി കോഹ്‌ലി, കട്ടക്ക് കൂടെ നിന്ന് സൂര്യകുമാര്‍; സിക്‌സറുകളുടെ ആറാട്ട്; കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ
Sports News
തിരിച്ചുവരവില്‍ കാട്ടുതീയായി കോഹ്‌ലി, കട്ടക്ക് കൂടെ നിന്ന് സൂര്യകുമാര്‍; സിക്‌സറുകളുടെ ആറാട്ട്; കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st August 2022, 9:25 pm

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍  മികച്ച പ്രകടനം നടത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് സ്വന്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവിന് കൂടിയായിരുന്നു ഇന്ത്യ ഹോങ് കോങ് മത്സരം സാക്ഷ്യം വഹിച്ചത്. 44 പന്തില്‍ നിന്നും പുറത്താവാതെ 59 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കോഹ്‌ലിക്ക് പുറമെ ഹോങ് കോങ് ബൗളര്‍മാര്‍ക്ക് മേല്‍ കാട്ടുതീയായ് പടര്‍ന്നത് സൂര്യകുമാര്‍ യാദവായിരുന്നു. വെറും 26 പന്തില്‍ നിന്നും പുറത്താവാതെ 68 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ സിക്‌സറടിച്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂര്യകുമാര്‍, അവസാന ഓവറില്‍ മാത്രം നാല് സിക്‌സറാണ് അടിച്ചുകൂട്ടിയത്.

അവസാന ഓവറില്‍ 26 റണ്‍സാണ് സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് വിരാട് തന്റെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയതെങ്കില്‍ ആറ് വീതം സിക്‌സറും ഫോറുമായിരുന്നു സൂര്യകുമാര്‍ അടിച്ചെടുത്തത്.

261.54 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കൈയുടെ ആറാട്ട്. ആകെയെടുത്ത 68 റണ്‍സില്‍ കേവലം എട്ട് റണ്‍സ് മാത്രമായിരുന്നു സൂര്യകുമാര്‍ ഓടിയെടുത്തത്.

കഴിഞ്ഞ മത്സരത്തില്‍ സംപൂജ്യനമായി മടങ്ങിയ കെ.എല്‍. രാഹുല്‍ 39 പന്തില്‍ നിന്നും 36 റണ്‍സും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 പന്തില്‍ നിന്നും 21 റണ്‍സും സ്വന്തമാക്കി.

ഹോങ് കോങ് നിരയിലെ എല്ലാ ബൗളര്‍മാരും സാമാന്യം ഭേദപ്പെട്ട രീതിയില്‍ അടിവാങ്ങിയപ്പോള്‍, ആയുഷ് ശുക്ലയും മുഹമ്മദ് ഘസ്‌നിഫറും ഓരോ വിക്കറ്റ് വീഴ്ത്തി.

നാലോവറില്‍ 29 റണ്‍സ് വഴങ്ങിയ ആയുഷ് ശുക്ല രോഹിത്തിനെയും രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഘസ്‌നിഫര്‍ രാഹുലിനെയുമാണ് പുറത്താക്കിയത്.

 

Content Highlight: Virat Kohli and Suryakumar Yadav led India to a great score