ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക് റൈവല്‍റികളിലൊന്നിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആഷസ് പരമ്പര പോലെ തന്നെ വീറും വാശിയും ഉള്‍ച്ചേരുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്.
നവംബര്‍ 22ന് ആരംഭിക്കുന്ന പരമ്പരക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. കാലങ്ങള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറുന്നതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയാന്‍ സാധിക്കും എന്നതുള്‍പ്പടെ ആരാധകര്‍ക്ക് ആവേശത്തിനുള്ള വക ഈ പരമ്പര നല്‍കുന്നുണ്ട്.
ഈ പരമ്പരയില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കാത്തുവെച്ച ഒരു റെക്കോഡ് തകര്‍ക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. ഒരാളല്ല, രണ്ട് താരങ്ങളാണ് സച്ചിന്റെ ഈ റെക്കോഡ് നേട്ടത്തിലേക്ക് ഒരുപോലെ ഓടിയെത്തുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് ഇത്. ഇതിലേക്ക് കണ്ണുവെക്കുന്നതാകട്ടെ മോഡേണ്‍ ഡേ ലെജന്‍ഡ്‌സും ഫാബ് ഫോറിലെ കരുത്തരുമായ സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയും.
ബി.ജി.ടിയില്‍ ഒമ്പത് തവണയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എട്ട് സെഞ്ച്വറിയുമായി വിരാടും സ്മിത്തും തൊട്ടുപിന്നാലെ തന്നെയുണ്ട്. അഞ്ച് ടെസ്റ്റുകളില്‍ നിന്നുമായി ഒരു തവണ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ സച്ചിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ സച്ചിനെ മറികടക്കാനും ഇരുവര്‍ക്കുമാകും.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 65 – 9
സ്റ്റീവ് സ്മിത്ത് – ഓസ്ട്രേലിയ – 35 – 8*
വിരാട് കോഹ്‌ലി – ഇന്ത്യ – 42 – 8*
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 51 – 8
മൈക്കല്‍ ക്ലാര്‍ക്ക് – ഓസ്ട്രേലിയ – 40 – 7
മാത്യു ഹെയ്ഡന്‍ – ഓസ്ട്രേലിയ – – 35 – 6
നിലവില്‍ 42 ഇന്നിങ്സില്‍ നിന്നും 52.25 ശരാശരിയില്‍ 1,979 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറിക്കൊപ്പം അഞ്ച് അര്‍ധ സെഞ്ച്വറിയും വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
35 ഇന്നിങ്‌സില്‍ നിന്നും 65.06 ശരാശരിയില്‍ 1,887 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. വിരാടിനെ പോലെ എട്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് സ്മിത്തും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ സ്വന്തമാക്കിയത്.