ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് കിരീട പോരാട്ടത്തിനായി നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഐ.സി.സി കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും ഏയ്ഡന്‍ മര്‍ക്രവും സംഘവും ലക്ഷ്യമിടുക. മറുഭാഗത്ത് 2007ല്‍ ധോണിയുടെ കീഴില്‍ നേടിയ ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാന്‍ ആയിരിക്കും രോഹിത് ശര്‍മയും കൂട്ടരും കലാശപോരാട്ടത്തിന് ഇറങ്ങുന്നത്.
ഫൈനല്‍ മത്സരത്തില്‍ കളത്തില്‍ ഇറങ്ങുന്നതോടുകൂടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും സൂപ്പര്‍താരം വിരാട് കോഹ്‌ലിയെയും കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഏറ്റവും കൂടുതല്‍ തവണ ഐ.സി.സി ടൂര്‍ണമെന്റിന്റെ കളിക്കുന്ന താരങ്ങളെന്ന നേട്ടമാണ് രോഹിത്തിനെയും വിരാടിനെയും കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ ഏഴ് മേജര്‍ ടൂര്‍ണമെന്റുകളുടെ ഫൈനലുകളിലാണ് രോഹിത്തും കോഹ്‌ലിയും കളിച്ചിട്ടുള്ളത്. തങ്ങളുടെ ക്രിക്കറ്റ് കരിയറിലെ എട്ടാം ഫൈനലിലാണ് ഇരുവരും തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.
2007 ടി-20 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2014 ടി-20 ലോകകപ്പ്, 2017 ചാമ്പ്യന്‍സ് ട്രോഫി, 2021 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2023 ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റ്കളുടെ ഫൈനലിലാണ് രോഹിത് ശര്‍മ കളിച്ചത്.
മറുഭാഗത്ത് 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2014 ടി-20 ലോകകപ്പ്, 2017 ചാമ്പ്യന്‍സ് ട്രോഫി, 2021 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2023 ഏകദിന ലോകകപ്പ് എന്നിട്ട് ടൂര്‍ണമെന്റുകളിലുമാണ് വിരാട് ഇന്ത്യക്കായി കളിച്ചത്.