| Sunday, 16th October 2022, 4:19 pm

റെക്കോഡുകള്‍ കാത്തിരിക്കുന്നു, വിരാടിന്റെയും രോഹിത്തിന്റെയും വരവിനായി; 2022 ലോകകപ്പോടെ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യയുടെ മണിമുത്തുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

കുട്ടിക്രിക്കറ്റിന്റെ ആവേശം വാനോളം ഉയര്‍ത്തിക്കൊണ്ട് ടി-20 ലോകകപ്പ് ഇങ്ങെത്തിയിരിക്കുകയാണ്. ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ ആദ്യമായി നേടിയ കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിടാനാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. പരിചയ സമ്പന്നരായ താരങ്ങളുടെയും യുവതാരങ്ങളുടെയും കൃത്യമായ ബ്ലെന്‍ഡാണ് ഇന്ത്യന്‍ ടീം.

കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ നേരിട്ട തിരിച്ചടിക്ക് പകരം ചോദിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവുമധികം കിരീട സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്നും ഇന്ത്യ തന്നെയാണ്.

ഇന്ത്യന്‍ നിരയിലെ പ്രധാനികളാണ് നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും. അടുത്തിടെ നടന്ന ഇന്ത്യയുടെ ടി-20 പരമ്പരകളിലെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയാണ് ഇരുവരും ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവുന്നത്.

2007 ലോകകപ്പ് മുതല്‍ 2022 വരെയുള്ള എല്ലാ ലോകകപ്പിലും രോഹിത് ശര്‍മ ഇന്ത്യയുടെ ഭാഗമായിരുന്നു. 2007 ലോകകപ്പിലും 2022 ലോകകപ്പിലും കളിക്കുന്ന രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലുള്ളത്. രോഹിത്തും ഒപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്കും.

വിരാടാവട്ടെ 2012 ലോകകപ്പ് മുതല്‍ ഇന്ത്യന്‍ നിരയിലെ സ്ഥിരസാന്നിധ്യമാണ്. ലോകകപ്പില്‍ ദശാബ്ദം തികക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ലെജന്‍ഡ്.

2022 ലോകകപ്പിനിറങ്ങുമ്പോള്‍ റെക്കോഡ് അലേര്‍ട്ടുമായാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളാവാനാണ് ഇരുവരും ഇറങ്ങുന്നത്.

ഈ ലോകകപ്പില്‍ 170 റണ്‍സ് കൂട്ടിച്ചേര്‍ത്താല്‍ ടി-20 ലോകകപ്പില്‍ ഏറ്റവും റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡ് നേടാന്‍ രോഹിത് ശര്‍മക്കാവും. 172 റണ്‍സ് നേടിയാല്‍ ഈ നേട്ടം വിരാട് കോഹ്‌ലിയുടെ പേരിലാവും.

2007-2014 കാലഘട്ടത്തില്‍ ലോകകപ്പില്‍ നിറഞ്ഞാടിയ ശ്രീലങ്കന്‍ ജയന്റ് മഹേല ജയവര്‍ധനെയുടെ പേരിലാണ് നിലവില്‍ ഈ റെക്കോഡുള്ളത്. ഇക്കാലയളവില്‍ 31 ഇന്നിങ്‌സ് കളിച്ച ജയവര്‍ധനെ 134.74 സ്‌ട്രൈക്ക് റേറ്റില്‍ 1016 റണ്‍സ് നേടിയാണ് പട്ടികയുടെ തലപ്പത്ത് സ്ഥാനം നേടിയിരിക്കുന്നത്. 30.07 ആണ് താരത്തിന്റെ ശരാശരി.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് കരീബിയന്‍ കൊടുങ്കാറ്റായ ക്രിസ് ഗെയ്‌ലാണ്‌. 2007-2021 കാലഘട്ടത്തില്‍ 33 മത്സരം കളിച്ച് 965 റണ്‍സാണ് ഗെയ്ല്‍ തന്റെ പേരിലാക്കിയത്. 142.75 സ്‌ട്രൈക്ക് റേറ്റിലും 34.46 ശരാശരിയിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ശ്രീലങ്കന്‍ സൂപ്പര്‍ താരം തിലകരത്‌നെ ദില്‍ഷനാണ് മൂന്നാമത്. 897 റണ്‍സാണ് ദില്‍ഷനുള്ളത്.

പട്ടികയില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ. തൊട്ടുപിറകെ അഞ്ചാമതായി വിരാട് കോഹ്‌ലിയുമുണ്ട്. ആറാമനായി ഡേവിഡ് വാര്‍ണറാണ് പട്ടികയിലുള്ളത്. 762 റണ്‍സ് നേടിയ വാര്‍ണറിന് വിരാടിനെയും രോഹിത്തിനെയും കവച്ചുവെച്ച് ഒന്നാമതെത്തണമെങ്കില്‍ 255 റണ്‍സ് കൂടി സ്വന്തമാക്കണം.

അതേസമയം, വിരാടും രോഹിത്തും മികച്ച ഫോമിലാണ് തുടരുന്നത്. ഈ ലോകകപ്പോടെ ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡിനൊപ്പം ഒരു ഇന്ത്യന്‍ താരത്തിന്റെ പേരെഴുതി വെക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content highlight: Virat Kohli and Rohit Sharma set to tie the record for highest run-scorer in T20 World Cup

We use cookies to give you the best possible experience. Learn more