ഐ.സി.സി ഏകദിന ലോകകപ്പ് തൊട്ടടുത്തെത്തി നില്‍ക്കുകയാണ്. 2011ന് ശേഷം ഇന്ത്യ വീണ്ടും മറ്റൊരു ലോകകപ്പിന് വേദിയാവുകയാണ്. ഒരു പതിറ്റാണ്ട് കാലമായി ഐ.സി.സി കിരീടമില്ലാത്തതിന്റെ അപമാനഭാരം സ്വന്തം മണ്ണില്‍ ഇന്ത്യന്‍ ടീം ഇറക്കിവെക്കുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.
2011 മുതല്‍ ആതിഥേയര്‍ തന്നെ കിരീടമുയര്‍ത്തിയ ചരിത്രമാണ് ലോകകപ്പിനുള്ളത്. 2011ല്‍ ഇന്ത്യ കിരീടം നേടിയതിന് ശേഷം 2015ല്‍ ഓസ്‌ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടും ആതിഥേയരായിരിക്കെ കിരീടമുയര്‍ത്തി. അത് 2023ലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.
ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പ് കിരീടം നേടിയത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഇതേ മൊമെന്റം ലോകകപ്പിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും.
ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ എട്ടിന് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെയാണ് ആദ്യ മത്സരം കളിക്കുക എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം. ലോകകപ്പിന് മുമ്പ് ഓസീസിനെ തകര്‍ത്ത് ഇരട്ടി ആത്മവിശ്വാസത്തോടെ ബിഗ് ഇവന്റിന് ഇറങ്ങാനാകും ഇന്ത്യ ഒരുങ്ങുന്നത്.
ഈ പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും നായകന്‍ രോഹിത് ശര്‍മയെയും ഒരു തകര്‍പ്പന്‍ റെക്കോഡ് കാത്തിരിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരെയ ഏകദിനത്തില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡാണ് ഇരുവരെയും കാത്തിരിക്കുന്നത്.
എട്ട് തവണയാണ് ഇരുവരും കങ്കാരുക്കള്‍ക്കെതിരെ ടണ്‍ പൂര്‍ത്തിയാക്കിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇരുവരും തുടരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമന്‍. ഒമ്പത് സെഞ്ച്വറിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓസീസിനെ പഞ്ഞിക്കിട്ട് സ്വന്തമാക്കിയത്.
ഏകദിനത്തില്‍ ഓസീസിനെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – രാജ്യം – നേടിയ സെഞ്ച്വറികളുടെ എണ്ണം)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 9
വിരാട് കോഹ്‌ലി – ഇന്ത്യ – 8
രോഹിത് ശര്‍മ – ഇന്ത്യ – 8
ഡെസ്മണ്ട് ഹെയ്ന്‍സ് -വെസ്റ്റ് ഇന്‍ഡീസ് – 6
ഫാഫ് ഡു പ്ലെസി – സൗത്ത് ആഫ്രിക്ക – 5
ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമേ രോഹിത്തും വിരാടും കളിക്കുന്നുള്ളൂ എന്നതിനാല്‍ ലോകകപ്പിന് മുമ്പ് സച്ചിനൊപ്പമെത്താന്‍ ഇരുവര്‍ക്കും അവസരമുണ്ട് എന്നല്ലാതെ സച്ചിനെ മറികടക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഒക്ടോബര്‍ എട്ടിന് വീണ്ടും ഏറ്റമുട്ടുമെന്നതിനാല്‍ സച്ചിന്റെ റെക്കോഡ് ഒട്ടും സേഫല്ല.
മൂന്ന് ഏകദിനങ്ങളാണ് ലോകകപ്പിന് മുമ്പുള്ള ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 27ന് സൗരാഷ്ട്രയിലും നടക്കും.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.
മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.
Content highlight: Virat Kohli and Rohit Sharma likely to top the list of players who scored most centuries against Australia