ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇനി ഈ ദിവസം മാത്രമാണുള്ളത്. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ മോശം പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്. ഓപ്പണറായ കെ.എല്‍. രാഹുലിനെ മൂന്നാമനാക്കി രോഹിത് ഓപ്പണിങ് ഇറങ്ങിയിട്ടും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് താരം പുറത്തായത്. കഴിഞ്ഞ 10 ഇന്നിങ്സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. മാത്രമല്ല അതില്‍ പലതിലും ഒറ്റ അക്ക സ്‌കോറിലാണ് രോഹിത് പുറത്തായതും.
ഇപ്പോള്‍ ബോക്‌സിങ് ഡേ ടെസ്റ്റിലെ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സിലും രോഹിത് വളരെ മോശം പ്രകടനമാണ് നടത്തിയത് 40 പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് താരം നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് താരം പുറത്തായത്. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സിലും നാല് തവണ കമ്മിന്‍സാണ് രോഹിത്തിനെ മടക്കിയയച്ചത്.
ഇതോടെ ഒരുപാട് വിമര്‍ശനങ്ങളും താരം നേരിട്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഒരു മോശം റെക്കോഡും താരത്തിന്റെ തലയില്‍ വീണിരിക്കുകയാണ്. ടെസ്റ്റില്‍ ഒരു പേസ് ബൗളര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ വിക്കറ്റാകുന്ന താരമാകാനാണ് രോഹിത്തിന് സാധിച്ചത്. എട്ട് തവണയാണ് രോഹിത് കമ്മിന്‍സിന്റെ ഇരയായത്.
ടെസ്റ്റില്‍ ഒരു പേസ് ബൗളര്‍ക്കെതിരെ രോഹിത് ശര്‍മയുടെ പുറത്താകല്‍
പാറ്റ് കമ്മിന്‍സ് – 8
കഗീസോ റബാദ – 7
ടിം സൗത്തി – 4
ജെയിംസ് ആന്‍ഡേഴ്‌സന്‍ – 4
രോഹിത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലിയും അഞ്ച് റണ്‍സിന് മടങ്ങി മോശം പ്രകടനമാണ് നടത്തിയത്. ഇതോടെ മറ്റൊരു നാണം കെട്ട റെക്കോഡ് വിരാട് നേടി. ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നേടുന്ന മോശം ആവറേജാണ് വിരാട് നേടിയത് (മിനിമം 25 ഇന്നിങ്സില്‍).