| Friday, 10th March 2023, 4:06 pm

ഭാഗ്യമെന്ന് പേരിട്ടുവിളിച്ചാല്‍ കുറഞ്ഞുപോകും; കണ്ണുതള്ളി വിരാട്, നിരാശയില്‍ രോഹിത്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോറിലേക്ക് പറന്നുകയറുകയാണ്. സെഞ്ച്വറി തികച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനുമാണ് ഇന്ത്യന്‍ ബൗളിങ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കിയത്.

ഒരുവശത്ത് ഓസ്‌ട്രേലിയ റണ്‍സ് നേടി സ്‌കോര്‍ പടുത്തുയര്‍ത്തുമ്പോഴും മറുവശത്ത് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ ഉഴറുന്ന ഇന്ത്യയെ ആണ് അഹമ്മദാബാദ് കണ്ടത്. വിക്കറ്റ് വീഴ്ത്താന്‍ ലഭിക്കുന്ന ഓരോ ചാന്‍സും മുതലാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഇന്ത്യയെ നിരാശരാക്കിക്കൊണ്ടാണ് കാമറൂണ്‍ ഗ്രീനിനെ ഭാഗ്യം തുണച്ചത്.

ലഞ്ചിന് മുമ്പുള്ള അവസാന ഓവറിലാണ് കാമറൂണ്‍ ഗ്രീനിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ഖവാജയും ഗ്രീനും ചേര്‍ന്ന് പരമ്പരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ 290 പന്തില്‍ നിന്നും 177 റണ്‍സ് സ്വന്തമാക്കി നില്‍ക്കവെയാണ് സംഭവം.

മിഡില്‍ സ്റ്റംപ് ലക്ഷ്യമാക്കി കുതിച്ച മുഹമ്മദ് ഷമിയുടെ ഡെലിവറി ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച ഗ്രീനിന്റെ ബാറ്റില്‍ ഇന്‍സൈഡ് എഡ്ജ് ആയി പന്ത് ബൗണ്ടറി കടക്കുകയായിരുന്നു. അല്‍പമെങ്കിലും ഡിഫ്‌ളക്ഷനുണ്ടായിരുന്നുവെങ്കില്‍ ലഞ്ചിന് മുമ്പ് ഇന്ത്യക്ക് ലഭിക്കുന്ന ബ്രേക് ത്രൂ ആകുമായിരുന്നു അത്.

ഇതുകണ്ട വിരാടും രോഹിത് ശര്‍മയും ഏറെ നിരാശരായിരുന്നു.

ലഞ്ചിന് പിന്നാലെ കളിയിലേക്ക് മടങ്ങി വരാന്‍ ശ്രമിച്ച ഇന്ത്യ കൃത്യമായി ഇടവേളകളില്‍ വിക്ക്റ്റ് വീഴ്ത്തി. ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിനാണ് ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 170 പന്തില്‍ നിന്നും 114 റണ്‍സ് നേടിയ ഗ്രീനിനെയും അലക്‌സ് കാരിയെ പൂജ്യത്തിനും പുറത്താക്കിയാണ് അശ്വിന്‍ ഇന്ത്യക്ക് തുണയായത്.

പിന്നാലെയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെയും അശ്വിന്‍ പുറത്താക്കി. ഖവാജയെ പുറത്താക്കി അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി.

നിലവില്‍ 166 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 479 റണ്‍സാണ് ഓസീസ് നേടിയത്.

Content Highlight: Virat Kohli and Rohit Sharma in disbelief as Cameron Green hits his luck

We use cookies to give you the best possible experience. Learn more