ജനുവരി 11 മുതല്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിന്റെയും വിരാടിന്റേയും സ്ഥാനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. 2022ലാണ് ഇരുവരും ഇതിന് മുമ്പ് ടി-ട്വന്റി മത്സരത്തില്‍ കളിച്ചത്.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ജൂണില്‍ നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ ടീമിന്റെ ഭാഗമാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ നിര്‍ണായകമായ രണ്ട് ബാറ്റര്‍മാരാണ് ഇരുവരും. ക്യാപ്റ്റന്‍സിയിലും കഴിവിലും മികച്ചു നില്‍ക്കുന്ന താരങ്ങളാണ് രോഹിത്തും കോഹ്‌ലിയും. 2023 ഏകദിന ലോകകപ്പില്‍ ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കോഹ്‌ലി നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ച്വറി മറികടന്ന് ഐതിഹാസിക നേട്ടമാണ് 2023ല്‍ കോഹ്‌ലി നേടിയത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് 51 ടി-ട്വന്റി മത്സരങ്ങളാണ് കളിച്ചത്. അതില്‍ 39 വിജയം നേടാനും രോഹിത്തിന് കഴിഞ്ഞു. 12 മത്സരങ്ങളില്‍ തോല്‍വി വഴങ്ങേണ്ടി വന്നപ്പോള്‍ 76.47 എന്ന വിന്നിങ് പേഴ്‌സന്റേജും രോഹിത്തിനുണ്ട്. എന്നാല്‍ ഇരുവരും അടുത്തിടെ ടി-ട്വന്റി ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇത് ഇരുവരുടേയും ടി-ട്വന്റി ഭാവിയെക്കുറിച്ച് ഏറെ ആശങ്കകള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ വിരാട് കോഹ്‌ലി തന്റെ ടി-ട്വന്റി ആധിപത്യം വീണ്ടെടുക്കാന്‍ വീണ്ടും കളത്തിലിറങ്ങാന്‍ പോവുകയാണ്. 2014, 2016, 2022 ടി-ട്വന്റി ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത് കോഹ്‌ലിയായിരുന്നു.
ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിങ് എന്നിവരാണ് ടീമിലെ മറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് ബൗളര്‍മാര്‍. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്. ഇതോടെ സൂര്യകുമാര്‍ യാധവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍,റിതുരാജ് ഗെയ്ക്വാദ് എന്നിവരെ ടീമില്‍ നിന്ന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടീം: രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ഡണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
Content Highlight: Virat Kohli and Rohit Sharma are back in T20