| Wednesday, 11th December 2024, 4:27 pm

മൂന്ന് മാസം കൊണ്ട് ഇന്ത്യയ്ക്ക് നഷ്ടമായതെന്താണെന്ന് ഈ കണക്കുകള്‍ പറയും

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പരമ്പരയില്‍ മുന്‍തൂക്കം നേടുന്നതിനൊപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് കയറാനും വിജയം അനിവാര്യമാണ്.

സിനിയര്‍ താരങ്ങളുടെ കരുത്തിനെ തന്നെയാണ് വരും മത്സരങ്ങളിലും ഇന്ത്യക്ക് പ്രധാനമായും ആശ്രയിക്കാനുണ്ടാവുക. ബുംറ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ വിരാടും രോഹിത്തും നിരാശപ്പെടുത്താന്‍ മത്സരിക്കുകയാണ്.

ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലിയും ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശര്‍മയും ആരാധകരുടെ ആവേശം കൊടുമുടി കയറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും ആരാധകരെ താഴേയ്ക്ക് തള്ളിയിടുന്നതായിരുന്നു സീനിയര്‍ താരങ്ങളുടെ പ്രകടനം.

ആദ്യ ഇന്നിങ്സില്‍ വിരാട് എട്ട് പന്തില്‍ നിന്നും ഏഴ് റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിലാകട്ടെ ഇരട്ടയക്കം തൊട്ടു എന്നതൊഴിച്ചാല്‍ ഒരു പുരോഗതിയും വിരാടിനുണ്ടായിരുന്നില്ല. 21 പന്തില്‍ 11 റണ്‍സ് നേടിയാണ് വിരാട് കളം വിട്ടത്.

പൊസിഷന്‍ മാറി ആറാം നമ്പറിലിറങ്ങിയ രോഹിത് ശര്‍മയാകട്ടെ രണ്ട് ഇന്നിങ്‌സിലും ഒറ്റയക്കത്തിനും മടങ്ങി.

കേവലം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മാത്രമല്ല, ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലും ഇവരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് പരമ്പര കൈവിട്ടുപോയിരുന്നു.

പരമ്പരയിലെ മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്‌സില്‍ നിന്നുമായി ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 93 റണ്‍സ് മാത്രമാണ് വിരാട് കണ്ടെത്തിയത്. ഒരു ഡക്കും മൂന്ന് സിംഗിള്‍ ഡിജിറ്റ് സ്‌കോറും ഇതില്‍ ഉള്‍പ്പെടും.

രോഹിത് ശര്‍മയുടെ കാര്യവലും വ്യത്യസ്തമല്ല. ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ നേടിയത് വെറും 89 റണ്‍സ്.

ഈ മോശം പ്രകടനം ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലും കാര്യമായി ബാധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ ഐ.സി.സി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മ നിലവില്‍ 31ാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. വിരാടാകട്ടെ എട്ടാം റാങ്കില്‍ നിന്നും 20ലെത്തി നില്‍ക്കുകയാണ്.

ഇവരുടെ മോശം ഫോം തന്നെയാണ് ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നത്. മോശം ഫോമിന്റെ പേരില്‍ മുമ്പും ഇവര്‍ വിമര്‍ശനങ്ങള്‍ കേട്ടവരാണ്, ആ വിമര്‍ശനങ്ങളുടെ മുനയൊടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയിട്ടുള്ളതുമാണ്. ആ തിരിച്ചുവരവിനാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.

Content highlight: Virat Kohli and Rohit Sharma again disappointed in ICC Test rankings

We use cookies to give you the best possible experience. Learn more