നിരവധി ലോകകപ്പ് റെക്കോഡുകളാണ് ഇത്തവണ തകര്‍ന്നുവീണത്. അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം, 25 വയസ് പൂര്‍ത്തിയാകും മുമ്പ് ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം, ലോകകപ്പിലെ വേഗമേറിയ ഇരട്ട സെഞ്ച്വറി തുടങ്ങിയ റെക്കോഡുകളും ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടിലൂടെയുള്ള പുറത്താകലും 2023 ലോകകപ്പിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു.
ഇതിന് പുറമെ പല റെക്കോഡുകളും തകരാനുള്ള സാധ്യതകളും കല്‍പിക്കപ്പെടുന്നുണ്ട്. അതില്‍ പ്രധാനം ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡാണ് ഇപ്പോഴും പട്ടികയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
ഈ റെക്കോഡ് നേട്ടത്തിലേക്ക് പല സൂപ്പര്‍ താരങ്ങളും ഓടിയെത്തിയിരുന്നു. 2007ല്‍ മാത്യൂ ഹെയ്ഡനും 2019ല്‍ രോഹിത് ശര്‍മയും ഈ റെക്കോഡ് നേട്ടത്തിനടുത്തെത്തിയിരുന്നെങ്കിലും അവര്‍ക്കൊന്നും അത് തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല.
മുന്‍കാലങ്ങളിലെന്ന പോലെ ഈ ലോകകപ്പിലും സച്ചിന്റെ റണ്‍ നേട്ടം തകര്‍ക്കുമെന്നുള്ള പ്രതീതി ഈ ലോകകപ്പിലുമുണ്ട്. ഇത്തവണ വിരാട് കോഹ്‌ലിയും ക്വിന്റണ്‍ ഡി കോക്കുമാണ് റണ്‍ വേട്ടയില്‍ മുമ്പിലോടുന്നത്.
ഒമ്പത് മത്സരത്തില്‍ നിന്നും 99.00 എന്ന ശരാശരിയിലും 88.52 എന്ന സ്‌ട്രൈക്ക് റേറ്റിലും 594 റണ്‍സാണ് വിരാട് നേടിയത്. രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമടക്കമാണ് വിരാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഒമ്പത് മത്സരത്തില്‍ നിന്നും 591 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം. 65.66 എന്ന ശരാശരിയിലും 109.24 എന്ന പ്രഹരശേഷിയിലും 591 റണ്‍സാണ് ഡി കോക്ക് നേടിയത്. നാല് സെഞ്ച്വറിയാണ് പ്രോട്ടിയാസ് വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.
ഇരു താരങ്ങള്‍ക്കും മുമ്പില്‍ ഏറ്റവും ചുരുങ്ങിയത് ഒരു മത്സരമുണ്ടെന്നിരിക്കെ 80 റണ്‍സ് നേടിയാല്‍ വിരാട് കോഹ്‌ലിക്കും 83 റണ്‍സ് നേടിയാല്‍ ക്വിന്റണ്‍ ഡി കോക്കിനും ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേട്ടം മറികടക്കാന്‍ സാധിക്കും.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും സെമി ഫൈനല്‍ മത്സരം വിജയിക്കുകയാണെങ്കില്‍ സച്ചിനെ മറികടക്കാന്‍ ഇരുവര്‍ക്കും മറ്റൊരു അവസരം കൂടി ലഭിച്ചേക്കും.
വിരാടിനും ഡി കോക്കിനും പുറമെ ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്രക്കും ഈ നേട്ടത്തില്‍ കയ്യൊപ്പ് ചാര്‍ത്താന്‍ സാധിക്കും.
ഒമ്പത് മത്സരത്തില്‍ നിന്നും 565 റണ്‍സാണ് രചിന്‍ രവീന്ദ്ര സ്വന്തമാക്കിയത്. വിരാടിനെയും ഡി കോക്കിനെയും പോലെ രചിനും ഏറ്റവും ചുരുങ്ങിയത് ഒരു മത്സരം ലഭിക്കും. 109 റണ്‍സാണ് സച്ചിനെ മറികടക്കാന്‍ രചിന് വേണ്ടത്.
നവംബര്‍ 15ന് രചിന്‍ രവീന്ദ്രയും വിരാട് കോഹ്‌ലിയും ഈ നേട്ടം ലക്ഷ്യമിട്ട് കളത്തിലിറങ്ങും. 2023 ലോകകപ്പിലെ ആദ്യ സെമി ഫൈനലിലാണ് ന്യൂസിലാന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുക. വാംഖഡെയാണ് വേദി.
Content highlight: Virat Kohli and Quinton de Kock has a chance to break Sachin’s record