ലോകകപ്പിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരത്തിനായി ദൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. ഈ മത്സരത്തിന് ഇന്ത്യ അഫ്ഗാൻ മത്സരം എന്നതിന് പുറമെ ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലിയും അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഇരുതാരങ്ങളും കളിക്കളത്തിൽ കൊമ്പുകോർത്തിരുന്നു. ഇപ്പോൾ ലോകകപ്പ് മാമാങ്കത്തിൽ ഇരുതാരങ്ങളും വീണ്ടും മുഖാമുഖം വരുന്നത് ശ്രദ്ധേയമാണ്.
2023 ഐ.പി.എൽ സീസണിൽ മെയ് ഒന്നിന് ലഖ്നൗ വാജ്പോയ് സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൗ ചെയ്‌സിങിനിടെയായിരുന്നു നവീൻ-കോഹ്‌ലി ഏറ്റുമുട്ടലുണ്ടായത്.
മത്സരത്തിൽ 18 റൺസിന് ബംഗളൂരു വിജയിച്ചു. മത്സര ശേഷം ഇരുതാരങ്ങളും കൈ കൊടുക്കുന്നതിനിടയിൽ വീണ്ടും പ്രശ്നം ഉണ്ടായി. തുടർന്ന് മത്സരശേഷം സോഷ്യൽ മീഡിയകളിലും ഈ പോരാട്ടം നീണ്ടു നിന്നു.
ലോകകപ്പിൽ വീണ്ടും ഇരു താരങ്ങളും ഏറ്റുമുട്ടുമ്പോൾ എന്തു സംഭവിക്കും എന്ന് ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
ലോകകപ്പിൽ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ വിജയം ലക്ഷ്യം വച്ചായിരിക്കും അഫ്ഗാനിസ്ഥാൻ ഇന്ത്യക്കെതിരെ കളത്തിലിറങ്ങുക.
അതേസമയം ചെന്നൈയിൽ ഓസ്ട്രേലിയയെ തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.
Content Highlight: Virat kohli and naveen ul haq facing again in the worldcup before the ipl 2023 conflict.