ചീക്കുവിന്റെ മിയാന്‍, അഥവാ വിരാട് വളര്‍ത്തിയ സിറാജ്!
Asia Cup Final
ചീക്കുവിന്റെ മിയാന്‍, അഥവാ വിരാട് വളര്‍ത്തിയ സിറാജ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th September 2023, 6:20 pm

ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പ്ലെലുകളില്‍ ഒന്നായിരുന്നു മുഹമ്മദ് സിറാജ് ശ്രീലങ്കക്കെതിരെ എറിഞ്ഞത്. ഒരോരവറില്‍ നാല് വിക്കറ്റടക്കം 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് സിറാജ് കൊയ്തത്.

സിറാജിന്റെ ഈ സ്‌പെല്ലില്‍ തകര്‍ന്ന ലങ്ക വെറും 50 റണ്‍സില്‍ ഓള്‍ഔട്ടാകുകയും ചെയ്തു. ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന ബൗളര്‍ എന്ന ചരിത്ര നേട്ടം സിറാജ് ഈ സ്‌പെല്ലില്‍ പൂര്‍ത്തിയാക്കിയിരുന്നു. 2.4 ഓവറിലാണ് സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലെയും വേഗമേറിയ ഫൈഫറായിരുന്നു ഇത്.

ശ്രീലങ്കന്‍ ഇതിഹാസ താരം ചാമിന്ദ വാസിനൊപ്പമാണ് സിറാജ് ഈ റെക്കോഡ് പങ്കിടുന്നത്. 2003 ലോകകപ്പില്‍ വാസ് ബംഗ്ലാദേശിനെതിരെ 16 പന്തില്‍ ഫൈഫര്‍ നേടിയിരുന്നു.

കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യക്കായി മികച്ച പ്രകടനമാണ് സിറാജ് ടെസ്റ്റിലും ഏകദിനത്തിലുമായി നടത്തുന്നത്, പ്രത്യേകിച്ച് ഏകദിനത്തില്‍. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റവും കൂടുതല്‍ ട്രോളുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും ലഭിച്ച ബൗളറായിരുന്നു സിറാജ്.

ഐ.പി.എല്ലില്‍ തുടക്ക കാലത്ത് റണ്‍സ് വിട്ടുനല്‍കിയതില്‍ അദ്ദേഹത്തെ ആരാധകര്‍ ബുള്ളി ചെയ്തിരുന്നു. സാക്ഷാല്‍ ഡെയ്ല്‍ സ്റ്റെയ്‌നും മിച്ചല്‍ ജോണ്‍സണുമടടക്കമുള്ള ഇതിഹാസ പേസര്‍മാര്‍ വരെ അടി വാങ്ങിക്കൂട്ടിയ ഐ.പി.എല്ലില്‍ റണ്‍സ് വിട്ടുനല്‍കിയതിന്റെ പേരില്‍ ഈ യുവതാരം ഒരുപാട് പഴികേട്ടിരുന്നു.

എന്നാല്‍ ആര്‍.സി.ബി താരമായിരുന്ന അദ്ദേഹത്തിന് വിരാട് കോഹ്‌ലി അകമഴിഞ്ഞ് സപ്പോര്‍ട്ട് നല്‍കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അന്നത്തെ ഇന്ത്യന്‍ നാകനായികരുന്ന വിരാടിന്റെ പേസ് വിപ്ലവത്തില്‍ സിറാജിനും അദ്ദേഹം വ്യക്തമായ റോള്‍ നല്‍കി. വിരാടിന്റെ അഗ്രസീവ് മൈന്‍ഡ്‌സെറ്റും ഗെയിം അപ്രോച്ചും സിറാജിന് അദ്ദേഹം പകര്‍ന്ന് നല്‍കിയിരുന്നു.

പിന്നെ കണ്ടത് ‘ഫയര്‍’ ആയിരുന്നു, ഒരു യുവ പേസറിന്റെ ഉള്ളില്‍ കെടാതെ കിടന്ന കനല്‍ വിരാട് ആളി കത്തിക്കുകയായിരുന്നു. ഇന്ന് ഇന്ത്യക്ക് ഏഷ്യാ കപ്പ് നേടികൊടുക്കാന്‍ മാത്രം തരത്തില്‍ ആ പേസ് ബൗളര്‍ വളര്‍ന്നിരിക്കുന്നു. അയാളുടെയൊപ്പം തന്നെ വിരാടുണ്ട്, തന്റെ സ്ഥിരം ശൈലിയില്‍ അഗ്രസീവ് അപ്രോച്ചുമായി, വിക്കറ്റ് വീഴുമ്പോഴെല്ലാം ആഘോഷങ്ങളുമായി. ഇനി വരുന്നത് ലോകകപ്പാണ് അവിടെയും ചീക്കുവിന്റെ മിയാനായി സിറാജ് ഉണ്ടാകും ജ്‌സപ്രീത് ബുംറയൊടൊപ്പം ഇന്ത്യന്‍ പേസ് നിരയെ നയിക്കാന്‍.

Content Highlight: Virat Kohli and Muhammed Siraj Deadly Duo