| Friday, 12th May 2023, 10:34 am

'ഈയിടെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റിങ്'; ജെയ്‌സ്വാളിനെ പ്രശംസിച്ച് കോഹ്‌ലിയും രാഹുലും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് ജെയ്‌സ്വാള്‍. 13 പന്തില്‍ നിന്നുമാണ് ജെയ്സ്വാള്‍ ഫിഫ്റ്റി തികച്ചത്. ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും ഇതാണ്. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

കെ.എല്‍ രാഹുലും വിരാട് കോഹ്‌ലിയും താരത്തെ പ്രശംസിച്ചത് ശ്രദ്ധ നേടുകയാണിപ്പോള്‍. ക്രിക്കറ്റില്‍ ഈയിടെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റിങ് ഇതാണെന്നും എന്തൊരു ടാലന്റ് ആണിതെന്നുമാണ് കോഹ്‌ലി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ജെയ്‌സ്വാളിനെ മെന്‍ഷന്‍ ചെയ്ത് കുറിച്ചത്.

ജെയ്‌സ്വാളിന് ഹാറ്റ്‌സ് ഓഫ് പറയുന്ന ജിഫ് (GIF) പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് കെ.എല്‍ രാഹുല്‍ താരത്തെ പ്രശംസിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കെ.എല്‍ രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും റെക്കോഡാണ് ജെയ്‌സ്വാള്‍ മറികടന്നത്. 14 പന്തില്‍ നിന്നായിരുന്നു രാഹുലും കമ്മിന്‍സും ഫിഫ്റ്റി അടിച്ചത്. ടി-20 ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന പ്രത്യേകതയും ഇതിനുണ്ട്. 2007 ടി-20 ലോകകപ്പില്‍ യുവരാജ് സിങ് നേടിയ 12 പന്തിലെ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് ഇപ്പോഴും തകരാതെ കിടക്കുന്നുണ്ട്.

അതേസമയം, ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ 26 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ തുടങ്ങിയത്. കെ.കെ.ആര്‍ നായകന്‍ നിതീഷ് റാണയെറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയാണ് ജെയ്സ്വാള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.

ആദ്യ പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്സര്‍ പറന്നപ്പോള്‍ രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ അതിര്‍ത്തി കടന്നു. മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി നേടിയ ജെയ്സ്വാള്‍ അഞ്ചാം പന്തില്‍ ഡബിളോടി സ്ട്രൈക്ക് നിലനിര്‍ത്തി. അവസാന പന്തില്‍ മറ്റൊരു ബൗണ്ടറിയും നേടിയാണ് ജെയ്സ്വാള്‍ ഈഡന്‍ ഗാര്‍ഡന്‍സിനെ കരയിച്ചത്.

Content Highlights: Virat Kohli and KL Rahul praises Jaiswal for the fifty in IPL

Latest Stories

We use cookies to give you the best possible experience. Learn more