ടോപ് ഓര്‍ഡറിന്റെ അടിത്തറയിളകിയ മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങിയ കെ.എല്‍. രാഹുലിനൊപ്പം ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്ന് വിരാട് കോഹ്‌ലി. രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്കായി ഇരുവരും ചേര്‍ന്ന് സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയിരിക്കുകയാണ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഇന്ത്യക്ക് രണ്ട് റണ്‍സിനിടെ നഷ്ടമായിരുന്നു. മൂവരും പൂജ്യത്തിനാണ് പുറത്തായതും. ഇഷാന്‍ കിഷനെ മിച്ചല്‍ സ്റ്റാര്‍ക് പുറത്താക്കിയപ്പോള്‍ രോഹിത്തിനെയും അയ്യരെയും ജോഷ് ഹെയ്‌സല്‍വുഡും പുറത്താക്കി.
എന്നാല്‍ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ചെറുത്തുനില്‍ക്കാന്‍ ഉറപ്പിച്ചുതന്നെയായിരുന്നു. ക്രീസിലെത്തിയ ആദ്യ നിമിഷങ്ങളില്‍ ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ സമയം കണ്ടെത്തിയ ഇരുവരും പിന്നാലെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.
25ാം ഓവറിന്റെ രണ്ടാം പന്തില്‍ വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ അര്‍ധ സെഞ്ച്വറി നേട്ടമാണിത്. 75 പന്തില്‍ നിന്നുമായിരുന്നു വിരാടിന്റെ അര്‍ധ സെഞ്ച്വറി നേട്ടം.
അര്‍ധ സെഞ്ച്വറി പിറന്ന് ആറാം പന്തില്‍ വിരാടും രാഹുലും ചേര്‍ന്ന് നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.
വിരാടിന്റെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ കെ.എല്‍. രാഹലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 72ാം പന്തിലാണ് രാഹുല്‍ ഫിഫ്റ്റിയടിച്ചത്.
നിലവില്‍ 29 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 119 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 87 പന്തില്‍ നിന്നും 60 റണ്‍സ് നേടി വിരാട് കോഹ്‌ലിയും 78 പന്തില്‍ 53 റണ്‍സുമായി കെ.എല്‍. രാഹുലും ക്രീസില്‍ തുടരുകയാണ്.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഓസീസ് 199 റണ്‍സിന് ഓള്‍ ഔട്ടായി. 71 പന്തില്‍ 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിനായി ഏറ്റവുമധികം റണ്‍സ് നേടിയത്. 52 പന്തില്‍ 41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മികച്ച പിന്തുണ നല്‍കി.
എന്നാല്‍ മറ്റൊരു ബാറ്റര്‍ക്കും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് ഓസീസ് 200ല്‍ താഴെ റണ്‍സിന് പുറത്തായത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Virat Kohli and KL Rahul completes half centaury