ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയില്ലാത്ത മറ്റൊരു പ്ലേ ഓഫിന് കൂടി കളമൊരുങ്ങുകയാണ്. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് സീസണിനോട് വിട പറയുമ്പോള്‍ ഐ.പി.എല്‍ കിരീടം ചൂടാന്‍ സാധിക്കാത്ത 16ാം വര്‍ഷമാണ് അയാള്‍ക്ക് മുമ്പിലൂടെ കടന്നുപോയത്.
ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയെങ്കിലും പിന്തുണയ്ക്കാന്‍ ആരുമില്ലാതെ പോയപ്പോഴും ആര്‍.സി.ബി ബൗളര്‍മാര്‍ വിരാടിനോട് ഒരു ദയയും കാണിക്കാതെ റണ്‍സ് വഴങ്ങിയപ്പോഴും കിരീടമില്ലാത്ത രാജാവായി അയാള്‍ക്ക് പടിയിറങ്ങേണ്ടി വന്നു.
ഐ.പി.എല്ലില്‍ തകര്‍ക്കപ്പെടാത്ത വ്യക്തിഗത നേട്ടങ്ങള്‍ ഒരുപാടുണ്ടെങ്കിലും കിരീടമെന്നത് ഇന്നും വിരാടിന് കിട്ടാക്കനിയായിരിക്കുകയാണ്.
ഇത്തരത്തില്‍ വിരാടിനൊപ്പം സങ്കടം പങ്കിടാന്‍ മറ്റൊരു താരം കൂടിയുണ്ട്. ഫുട്‌ബോളിലാണത്. ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍.
5 സീസണുകളിലായി വിവിധ ടീമുകള്‍ക്കൊപ്പം കളിക്കുകയും 200ലധികം ഗോളുകള്‍ നേടുകയും ചെയ്തപ്പോഴും ക്ലബ്ബ് കരിയറില്‍ ഒറ്റ കിരീടം പോലും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കാന്‍ ഹാരി കെയ്‌നിന് സാധിച്ചിരുന്നില്ല.
2008 മുതല്‍ 16 വര്‍ഷക്കാലം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമുണ്ടായിട്ടും ഒരു കിരീടം പോലും നേടാന്‍ വിരാടിനും സാധിച്ചിരുന്നില്ല. ഇതില്‍ മൂന്ന് തവണയാണ് കപ്പിനും ചുണ്ടിനും ഇടയില്‍ വിരാടിന് കിരീടം നഷ്ടമായത്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ആര്‍.സി.ബിയെ കരയിച്ചപ്പോള്‍ 2012ല്‍ സൂപ്പര്‍ കിങ്‌സും 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വിരാടിനെയും സംഘത്തെയും തകര്‍ത്തുവിട്ടു.
ഇതേ അവസ്ഥ ഹാരി കെയ്‌നിനും നേരിടേണ്ടി വന്നിട്ടുണ്ട്. 2015-16 സീസണില്‍ ഈഡന്‍ ഹസാഡിന്റെ ഗോളില്‍ കുരുങ്ങി ചെല്‍സിയോട് സമനില വഴങ്ങുമ്പോള്‍ ലെസ്റ്റര്‍ സിറ്റിക്ക് മുമ്പില്‍ കിരീടം അടിയറ വെക്കാന്‍ മാത്രമായിരുന്നു സ്പഴ്‌സിന് സാധിച്ചത്.
ആ ഗോള്‍ വഴങ്ങേണ്ടി വന്നപ്പോള്‍ കെയ്‌നിന്റെ മുഖത്ത് വിരിഞ്ഞ ദേഷ്യവും നിരാശയും ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല.
എന്നാല്‍ രണ്ട് തവണ വിരാട് നാഷണല്‍ ജേഴ്‌സിയില്‍ കപ്പുയര്‍ത്തിയെങ്കിലും അതിനും കെയ്‌നിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ യൂറോ കപ്പില്‍ അതിനുള്ള അവസരമുണ്ടായെങ്കിലും അസൂറികള്‍ പ്രതിബന്ധം തീര്‍ക്കുകയായിരുന്നു.
വരും സീസണുകളിലും ഇവര്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുറപ്പാണ്. ഭാവിയില്‍ ഇവര്‍ക്കൊരു കിരീടം നേടിക്കൊടുക്കാന്‍ ക്ലബ്ബിന് സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
Content highlight: Virat Kohli and Harry Kane who failed to win a title even once in their club career