ഇന്ത്യാ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായ ഈ മത്സരത്തില്‍ ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ചയാണ് മത്സരം അരങ്ങേറുന്നത്.
ആരാധകരും മുന്‍ താരങ്ങളും തമ്മില്‍ ഒരുപാട് വെല്ലുവിളികളുണ്ടാകറുണ്ട്. മത്സരത്തില്‍ ഒരുപാട് വാശിയേറിയ മൊമന്റുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതെല്ലാം കളിക്കിടയില്‍ മാത്രമാണ് അല്ലാത്തപ്പോഴെല്ലാം വളരെ നല്ല ബന്ധം പുലര്‍ത്തുന്നവരാണ് ഇന്ത്യ -പാക് താരങ്ങള്‍.
ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫും കെട്ടിപ്പിടിക്കുന്ന രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരും സംസാരിക്കുന്നതും സന്തോഷം പങ്കുവെക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. മത്സരത്തിന് മുന്നോടിയായുള്ള പ്രാക്ടീസ് സെഷന് ശേഷമാണിത്.
ഇത്തവണത്തെ ഇന്ത്യ-പാക് ഏറ്റുമുട്ടലില്‍ എല്ലാവരും ഉറ്റുനോക്കുന്ന ബാറ്റിലാണ് കോഹ്‌ലി-റൗഫ് മാച്ചപ്പ്. 2022 ടി-20 ലോകകപ്പില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയിരുന്നു. അന്ന് ഇന്ത്യന്‍ ഇതിഹാസം റൗഫിനെ മറികടന്നിരുന്നു. ഇന്ത്യക്ക് വിജിയിക്കാന്‍ എട്ട് പന്തില്‍ 28 വേണ്ടപ്പോള്‍ റൗഫിനെതിരെ വിരാട് അടിച്ച രണ്ട് സിക്‌സറുകള്‍ ക്രിക്കറ്റ് ലോകം മറക്കില്ല. അതില്‍ തന്നെ ആദ്യത്തെ സിക്‌സര്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചതാണ്.
മത്സമരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റൗഫും പാകിസ്ഥാനും വിരാടിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഇത്തവണ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് തീര്‍ക്കാനായിരിക്കും റൗഫ് ഇറങ്ങുന്നതെങ്കില്‍ അത് തന്നെ ആവര്‍ത്തിക്കാനായിരിക്കും വിരാട് കച്ചക്കെട്ടുന്നത്. എന്തായാലും മത്സരം തീ പാറുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Virat Kohli And Haris Rauf Hugs in Practice Session