മത്സരത്തിന്റെ അവസാനം ഇരു ടീമിലെ താരങ്ങള്‍ തമ്മില്‍ ആലിംഗനം ചെയ്യുന്ന സമയത്ത് ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ എക്കാലത്തും പരസ്പരം കൊമ്പ് കോര്‍ക്കുന്ന വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും സ്‌നേഹത്തോടെ കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ഉണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗ ടീമിന്റെ മെന്റര്‍ ആയിരുന്ന ഗംഭീറും വിരാടും തമ്മില്‍ മത്സരത്തിനു ശേഷം പരസ്പരം സ്ലഡ്ജ് ചെയ്യുകയും മോശം വാക്കുകള്‍ സംസാരിക്കുകയും ഉണ്ടായിരുന്നു. ഇരുവരുടെയും പെരുമാറ്റം അന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തിനിടയിലെ അടിപിടിയില്‍ ഇരുവരും കേമന്മാരാണ്. എന്നാല്‍ പുതിയ സീസണില്‍ ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന വീഡിയോ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
മുന്‍ താരങ്ങളെല്ലാം ഈ രംഗം കണ്ടു അത്ഭുതപ്പെടുകയും പ്രതികരിക്കുകയും ചെയ്തു. സുനില്‍ ഗവാസ്‌ക്കറും രവിശാസ്ത്രിയും ഹര്‍ഭജന്‍ സിങ്ങും ആണ് ഇരുവരുടെയും സമീപനത്തില്‍ പ്രതികരിച്ചത്.
മത്സരത്തിലെ ഫെയര്‍ പ്ലേ അവാര്‍ഡ് ഗംഭീറിനും വിരാടിനും നല്‍കണം എന്നായിരുന്നു ശാസ്ത്രി പറഞ്ഞത്. ഗവാസ്‌കര്‍ പറഞ്ഞത് ഫെയര്‍പ്ലേ അവാര്‍ഡ് മാത്രമല്ല അവര്‍ക്ക് ഇതിന് ഒരു ഓസ്‌കാര്‍ തന്നെ കൊടുക്കണം എന്നാണ്.
ഇരുവരുടേയും പ്രശ്‌നം പരിഹരിക്കുമെന്ന് ഹര്‍ഭജനും പറഞ്ഞിരുന്നു.
‘അടുത്ത തവണ ഇരുവരെയും കാണുമ്പോള്‍ അവര്‍ സംസാരിക്കുകയും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഉറപ്പുനല്‍കിയിരുന്നു. ഞാന്‍ എന്റെ ജോലി ചെയ്തു,’ ഹര്‍ഭജന്‍ പറഞ്ഞു.
പരാജയപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ്. 59 പന്തില്‍ നാല് സിക്സറും നാല് ഫോറും അടക്കം 84 റണ്‍സാണ് താരം നേടിയത്. ഇന്നിങ്‌സിലെ അവസാന പന്ത് വരെ വിരാട് ക്രീസില്‍ തുടര്‍ന്നു. ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ്പ് നിലവില്‍ വിരാടിനാണ്.
Content Highlight: Virat Kohli and Gautam Gambhir hug Each Other