| Thursday, 20th April 2023, 7:22 pm

വിരാട്-ഡൂപ്ലെസിസ് വെടിക്കെട്ട്; പഞ്ചാബ് കിങ്‌സിന് 175 റണ്‍സ് വിജയലക്ഷ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ വിരാടും ഡൂപ്ലെസിയും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി വിരാടിന്റെയും ഡൂപ്ലെസിയുടെയും വെടിക്കെട്ട് ആര്‍ധ സെഞ്ച്വറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 47 പന്തില്‍ നിന്ന് 59 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. 56 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത് ഡൂപ്ലസിയും കയ്യടി നേടി. എന്നാല്‍ മികച്ച തുടക്കം ലഭിച്ച ആര്‍.സി.ബിക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 137 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഹാഫ് സെഞ്ച്വറി നേടി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. സീസണിലെ നാലാം സെഞ്ച്വറിയാണ് വിരാടും ഡൂപ്ലെസിയും അടിച്ചെടുത്തത്.

അര്‍ധ സെഞ്ച്വറിക്ക് ശേഷം ആറാം ഓവറില്‍ 60ല്‍ എത്തിയ ആര്‍.സി.ബി പക്ഷേ 12ാം ഓവറിലാണ് 100 കടന്നത്. 10 മുതല്‍ 15 വരെയുള്ള അഞ്ചോവറില്‍ 39 റണ്‍സ് മാത്രമാണ് ആര്‍.സി.ബിക്ക് നേടാനായത്. ഡൂപ്ലെസിയായിരുന്നു മത്സരത്തില്‍ കൂടുതല്‍ അപകടകാരി. വിരാടിന്റെ വിക്കറ്റായിരുന്നു ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്.

പഞ്ചാബ് കിങ്‌സിന്റെ ഹര്‍പ്രീത് ബ്രാര്‍ ആണ് വിരാടിനെ പുറത്താക്കിയത്. അപകടകാരിയായ മാക്‌സ്വെല്ലിനെയും മുട്ടുകുത്തിച്ച് ബ്രാര്‍ ആര്‍.സി.ബിക്ക് തിരിച്ചടി സമ്മാനിച്ചു.

പതിനെട്ടാം ഓവറില്‍ നേഥന്‍ എല്ലിസിനെ സിക്‌സ് അടിച്ചതിന് പിന്നാലെ വീണ്ടും സിക്‌സിന് ശ്രമിച്ച ഡൂപ്ലെസി (56 പന്തില്‍ 84) മടങ്ങി. അഞ്ച് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഡൂപ്ലെസി 84 റണ്‍സടിച്ചത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ദിനേശ് കാര്‍ത്തിക്കും മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആര്‍.സി.ബി 174 റണ്‍സിലൊതുങ്ങി. അവസാന നാലോവറില്‍ 37 റണ്‍സെ ആര്‍.സി.ബിക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ടും അര്‍ഷദീപും നേഥന്‍ എല്ലിസും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlights: Virat Kohli and Du Plesis win half century for Royal Challengers Bangalore

Latest Stories

We use cookies to give you the best possible experience. Learn more