| Friday, 23rd September 2022, 12:00 pm

മാന്‍ഡ്രേക്ക് ശാപം അവസാനിച്ചോ? ആ ശാപം വിരാടിന് തന്നെ കിട്ടിയോ? എല്ലാം ഇന്നറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പാക് നായകന്‍ ബാബര്‍ അസം. ഏഷ്യാ കപ്പില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും ബാബറിന് തിളങ്ങാനായിരുന്നില്ല.

ആറ് മത്സരത്തില്‍ നിന്നും കേവലം 68 റണ്‍സ് മാത്രമാണ് പാകിസ്ഥാന്റെ വമ്പനടി വീരന്‍ സ്വന്തമാക്കിയത്. ആവറേജാവട്ടെ 11.33ഉം.

10 (9), 9 (8), 14 (10), 0 (1), 30 (29), 5(6) എന്നിങ്ങനെയാണ് പാക് നായകന്റെ സ്‌കോര്‍. ഐ.സി.സി റാങ്കിങ്ങില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ടോപ്പ് ഫൈവിലുള്ള താരത്തിന്റെ പ്രകടനമാണിതെന്ന് ഓര്‍ക്കണം.

ഇതോടെ താരത്തിന് വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു. ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നും ബാബറിനെ ഒഴിവാക്കണമെന്നുപോലും ആരാധകര്‍ പരസ്യമായി വിളിച്ചുപറഞ്ഞിരുന്നു.

ഏഷ്യാ കപ്പിന് ശേഷം ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏഴ് ടി-20 മത്സരങ്ങളാണ് പര്യടനത്തില്‍ ആദ്യം നടക്കുക.

പരമ്പരയിലെ ആദ്യ ടി-20യില്‍ ബാബറിന് തന്റെ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ പാകിസ്ഥാന് മത്സരം തോല്‍ക്കേണ്ടതായും വന്നിരുന്നു.

ഇതോടെ ബാബറിനെതിരെയുള്ള വിമര്‍ശനങ്ങളുടെ മൂര്‍ച്ചയേറി.

എന്നാല്‍ ഇതിനെല്ലാം മറുപടി പറയുന്ന പ്രകടനമായിരുന്നു രണ്ടാം ടി-20യില്‍ ബാബര്‍ പുറത്തെടുത്തത്. 66 പന്തില്‍ നിന്നും 110 റണ്‍സുമായാണ് ബാബര്‍ പാക് ഇന്നിങ്‌സിന്റെ നെടുനായകത്വം വഹിച്ചത്.

തന്നെ ബാധിച്ച ശാപം വിട്ടൊഴിഞ്ഞു പോയി എന്ന് ആരാധകരെ തോന്നിപ്പിക്കും വിധമാണ് താരം ബാറ്റ് വീശിയത്. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച കറാച്ചിയില്‍ നടക്കാനിരിക്കെ ബാബറിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്.

എന്നാല്‍ അതേസമയം, ഏഷ്യാ കപ്പില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ വിരാട് കോഹ്‌ലി ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാടെ നിറം മങ്ങിയിരുന്നു. ഏഴ് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.

ഒരിക്കല്‍ വിട്ടൊഴിഞ്ഞ് പോയ ശാപം വീണ്ടും വിരാടിനെ തേടിയെത്തിയോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നാഗ്പൂരില്‍ നടക്കാനിരിക്കെ ലോകകപ്പിന് മുമ്പ് വിരാടിന് പലതും തെളിയിക്കാനുള്ള മറ്റൊരു അവസരം കൂടിയാണിത്.

ഏഷ്യാ കപ്പിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ച്വറി പ്രകടനം ആവര്‍ത്തിക്കാന്‍ വിരാട് കോഹ്‌ലിയും കഴിഞ്ഞ മത്സരത്തിലെ മൊമെന്റം നിലനിര്‍ത്താന്‍ ബാബര്‍ അസവും പിച്ച് ലക്ഷ്യമാക്കി ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന് ആഘോഷിക്കാനുള്ള പല കാര്യങ്ങളും വെള്ളിയാഴ്ച സംഭവിക്കുമെന്നുറപ്പാണ്.

Content highlight: Virat Kohli and Babar Azam ready for another match

We use cookies to give you the best possible experience. Learn more