| Friday, 10th March 2023, 6:08 pm

കോഹ്‌ലി പോലും ഇങ്ങനെ അത്ഭുതപ്പെടണമെങ്കില്‍ സംഭവമെന്തെന്ന് ഊഹിക്കാന്‍ പറ്റുമോ? പൂജാര ദി മാസ്റ്റര്‍ ബ്രെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിട്ടായിരുന്നു ഓസീസ് അഹമ്മദാബാദ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ഉസ്മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനും സെഞ്ച്വറി തികച്ചപ്പോള്‍ വാലറ്റത്തില്‍ നഥാന്‍ ലിയോണിന്റെയും ടോഡ് മര്‍ഫിയുടെയും കാമിയോ ഇന്നിങ്‌സും ആരാധകരെ ആവേശത്തിലാഴ്ത്തി.

ഉസ്മാന്‍ ഖവാജയായിരുന്നു ഇന്ത്യയെ പരീക്ഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ടെക്സ്റ്റ് ബുക്ക് ഡെഫനിഷനില്‍ ബാറ്റ് വീശിയ ഖവാജ 422 പന്തില്‍ നിന്നും 180 റണ്‍സ് നേടിയാണ് ഖവാജ പുറത്തായത്. അക്‌സര്‍ പട്ടേലിന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു ഖവാജ മടങ്ങിയത്.

ഇന്ത്യക്ക് ആവശ്യമായിരുന്ന ബ്രേക് ത്രൂ ആയിരുന്നു അക്‌സര്‍ നല്‍കിയത്. അതിന് കാരണക്കാരനായതാകട്ടെ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും.

ഖവാജക്കെതിരായ എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ നിരസിക്കുകയായിരുന്നു. റിവ്യൂ എടുക്കണമോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു ഇന്ത്യന്‍ ടീം. രോഹിത്തിന്റെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാര വിരാടും സംഘാംഗങ്ങളുമായി ഡിസ്‌കസ് ചെയ്ത ശേഷം റിവ്യൂ എടുക്കുകയായിരുന്നു.

ബോള്‍ ട്രാക്കിങ്ങില്‍ പന്ത് വിക്കറ്റില്‍ കൊള്ളുന്നു എന്ന വ്യക്തമായി. ഇതുകണ്ട മുന്‍ നായകന്‍ വിരാട് കോഹ്‌ലി അക്ഷരാര്‍ത്ഥത്തില്‍ വണ്ടറടിച്ചിരുന്നു. അനാവശ്യമായി ഡി.ആര്‍.എസ് നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ ഏറ്റവും മികച്ച ചാലഞ്ചായിരുന്നു ഉസ്മാന്‍ ഖവാജയുടെ എല്‍.ബി.ഡബ്ല്യൂവിന്റേത്.

ടോപ് ഓര്‍ഡറില്‍ ഖവാജയും മിഡില്‍ ഓര്‍ഡറില്‍ കാമറൂണ്‍ ഗ്രീനും സ്‌കോറിങ്ങിന് നിര്‍ണായകമായപ്പോള്‍, ലോവര്‍ ഓര്‍ഡറില്‍ നഥാന്‍ ലിയോണും ടോഡ് മര്‍ഫിയുമായിരുന്നു റണ്‍സ് ഉയര്‍ത്തിയത്. ലിയോണ്‍ 96 പന്തില്‍ നിന്നും 34 റണ്‍സ് നേടിയപ്പോള്‍ 61 പന്തില്‍ നിന്നും 41 റണ്‍സാണ് മര്‍ഫി സ്വന്തമാക്കിയത്.

ഇന്ത്യന്‍ നിരയില്‍ ആര്‍. അശ്വിനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 15 മെയ്ഡന്‍ ഉള്‍പ്പെടെ 47.2 ഓവറില്‍ 91 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് അശ്വിന്‍ നേടിയത്. കരിയറില്‍ 32ാം തവണയാണ് അശ്വിന്‍ ഒരു ഇന്നിങ്‌സില്‍ അഞ്ചോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 36 റണ്‍സാണ് നേടിയിരിക്കുന്നത്. 17 റണ്‍സ് നേടിയ രോഹിത് ശര്‍മയും 18 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

Content highlight: Virat Kohli amazed after amazed Usman Khawaja’s dismissal

We use cookies to give you the best possible experience. Learn more