ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെയും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. സിഡ്നിയില്‍ നടന്ന മത്സരത്തില്‍ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നീ താരങ്ങളുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തേകിയത്.
പാകിസ്ഥാനെതിരെയുള്ള നിര്‍ണായ മത്സരത്തിന് സമാനമായിട്ടുള്ള മികച്ച ഇന്നിങ്‌സ് തന്നെയാണ് നെതര്‍ലന്‍ഡ്സിനെതിരെയും കോഹ്‌ലി കാഴ്ചവെച്ചത്. 44 പന്തില്‍ 62 റണ്‍സാണ് താരം പുറത്താകാതെ നേടിയത്.
കഴിഞ്ഞ ഇന്നിങ്‌സില്‍ പാകിസ്ഥാന്റെ റൗഫ് എറിഞ്ഞ 19ാം ഓവറിലെ അഞ്ചാം പന്തില്‍ കോഹ്‌ലി നേടിയ
ക്വാളിറ്റി സിക്‌സര്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. വളരെ അനായാസമായി കോഹ്‌ലി സിക്‌സര്‍ തൊടുത്തുവിടുന്നതാണ് ഇതിന് കാരണം.
അതിന് സമാനമായുള്ള രണ്ട് സിക്‌സുകളും നെതര്‍ലന്‍ഡ്സിനെതിരെ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് കാണാനായി.
പതിനേഴാം ഓവറില്‍ കോഹ്‌ലി തീര്‍ത്ത സിക്‌സ് ഇത്തരത്തില്‍ അദ്ദേഹത്തിന്റെ പരിചയ സമ്പത്തും മനോഹര ക്രിക്കറ്റിന്റെ സൗന്ദര്യം വിളിച്ചോതുന്നതുമായിരുന്നു.
ഈ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ടി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരിക്കുകയാണ് കോഹ്‌ലി. 965 റണ്‍സുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിനെയാണ് കോഹ്‌ലി പിന്തള്ളിയത്. 21 ഇന്നിങ്സില്‍നിന്ന് 989 റണ്‍സാണ് കോഹ്‌ലി ടി-20 ലോകകപ്പില്‍ ഇതുവരെ നേടിയത്. ഇതില്‍ 12 അര്‍ധസെഞ്ച്വറിയാണ് താരം നേടിയത്.
അതേസമയം, പഴയ ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സിഡ്‌നിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തു. 25 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി.
അവസാന പന്തില്‍ സിക്‌സ് അടിച്ചാണ് സൂര്യകുമാര്‍ അര്‍ധസെഞ്ച്വറി തികച്ചത്.
ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്കായി കാഴ്ചവെച്ചത്. ഭുവനേശ്വര്‍ കുമാറും അക്സര്‍ പട്ടേലും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.