| Wednesday, 22nd May 2019, 6:04 pm

കോഹ്‌ലി തനിച്ച് വിചാരിച്ചാല്‍ ലോകകപ്പ് നേടാനാകില്ല: സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച സാധ്യതയാണുള്ളതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടീം ഇന്ത്യ പ്രതിഭാധനരായ കളിക്കാരാല്‍ സമ്പന്നമാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ മികച്ച കളി പുറത്തെടുത്താല്‍ മാത്രമെ കിരീടം തിരിച്ചുപിടിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് ഒരുപക്ഷെ ചില കളികള്‍ ജയിക്കാനായേക്കാം. എന്നാല്‍ അത്തരം ജയങ്ങള്‍ ശാശ്വതമായിരിക്കില്ല. ഒരാള്‍ മാത്രം മികച്ച പ്രകടനം പുറത്തെടുത്താല്‍ ടൂര്‍ണ്ണമെന്റിലുടനീളം ടീമിന് ശോഭിക്കാനാവില്ല. നിര്‍ണായകഘട്ടങ്ങളില്‍ മറ്റു കളിക്കാര്‍ക്കും വലിയ റോള്‍ വഹിക്കാനുണ്ടാകും.’

1996,1999,2003 ലോകകപ്പുകളില്‍ സച്ചിന്‍ വഹിച്ച അമിത ഉത്തരവാദിത്വം ഇത്തവണ കോഹ്‌ലിയ്ക്കുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാലാം നമ്പറില്‍ ആരു കളിക്കുമെന്ന കാര്യത്തില്‍ അമിത ആശങ്കയില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നാലാം നമ്പറില്‍ കളിക്കാനാകുന്ന മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ടീമിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നാലാം നമ്പര്‍ എന്നത് വെറുമൊരു സ്ഥാനം മാത്രമാണ്. അത് ഒരു വലിയ പ്രശ്‌നമായി കാണുന്നില്ല. നാലിലോ ആറിലോ എട്ടിലോ കളിച്ച് പരിചയമുള്ള ബാറ്റ്‌സ്മാന്‍മാര്‍ നമുക്കുണ്ട്. സാഹചര്യം മനസിലാക്കി തന്ത്രങ്ങള്‍ മെനയുക എന്നതാണ് പ്രധാനം.’

ആറ് ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് റണ്‍സ് നേടിയതിന്റെ റെക്കോഡ്. 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സച്ചിന്‍.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ യുവത്വത്തിനും പരിചയസമ്പത്തിനും മുന്‍തൂക്കം നല്‍കിയുള്ള ടീമാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ബാറ്റിംഗില്‍ കോഹ്‌ലി നയിക്കുന്ന നിര ഉജ്വലഫോമിലാണ്. ധവാന്‍, രോഹിത്, രാഹുല്‍, ധോണി, കേദാര്‍ ജാദവ് എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ പ്രതീക്ഷ.

ബുംറ-ഭുവനേശ്വര്‍-ഷമി പേസ് ത്രയം ഈ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ്. പാണ്ഡ്യയുടെ ഔള്‍റൗണ്ട് മികവും കുല്‍ദീപ്-ചാഹല്‍ സഖ്യത്തിന്റെ സ്പിന്‍ മികവും ഇന്ത്യന്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more