Advertisement
IPL
വിരാടിന്റെ അഗ്രഷനൊന്നും അങ്ങനെ പോയ്‌പ്പോവൂല; ഔട്ടായതിന് പിന്നാലെ സ്റ്റംപ് അടിച്ച് തകര്‍ക്കാനോങ്ങി കോഹ്‌ലി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 09, 12:34 pm
Saturday, 9th April 2022, 6:04 pm

കളിക്കളത്തിലെ അഗ്രഷന് പേരുകേട്ട താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തന്നെയോ തന്റെ ടീംമേറ്റ്‌സിനെയോ സ്ലെഡ്ജ് ചെയ്യുന്നവന് പത്തിരട്ടിയായി തിരികെ കൊടുത്താണ് വിരാടിന് ശീലം.

എന്നാല്‍ കുറച്ചു നാളുകളായി താരത്തിന്റെ കളിക്കളത്തിലെ ദേഷ്യത്തിന് അല്‍പം അയവ് വന്നിരുന്നു. പഴയ അഗ്രഷനൊന്നും കോഹ്‌ലിയുടെ ഭാഗത്ത് നിന്നും അത്രയ്‌ക്കൊന്നും ഉണ്ടാവാറില്ലായിരുന്നു.

എന്നാലിപ്പോല്‍ വിരാടിന്റെ അഗ്രഷന് ഒരു കുറവും വന്നിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ തരംഗമാവുന്നത്.

ഐ.പി.എല്ലില്‍ ഇനിയും ഫുള്‍ ഫോമിലേക്ക് എത്താന്‍ കഴിയാത്ത വിരാട് അതിന് കഠിനമായി തന്നെ പരിശ്രമിക്കാറുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്നും 58 റണ്‍സ് മാത്രമാണ് താരം നേടിയത്.

ഇപ്പോള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ക്ലീന്‍ ബൗള്‍ഡായ താരം വിക്കറ്റ് അടിച്ച് പൊട്ടിക്കാന്‍ നോക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്. എന്നാല്‍ വിക്കറ്റിന് അടിക്കാതെ ബോള്‍ തിരികെ നല്‍കുന്നതും വീഡിയോയിലുണ്ട്.

പഴയ കാലത്തേക്കുള്ള വിരാടിന്റെ തിരിച്ചു പോക്കിനുള്ള സൂചനകളാണ് കാണുന്നതെന്നാണ് ഇതിനെ കുറിച്ച് ആരാധകര്‍ പറയുന്നത്.

മുംബൈ ഇന്ത്യന്‍സുമായാണ് ആര്‍.സി.ബിക്ക് ഇനി ഏറ്റുമുട്ടാനുള്ളത്. ശനിയാഴ്ച 7.30ന് മുംബൈയിലാണ് മത്സരം.

നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ജയത്തോടെ അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു തുടരുന്നത്. എന്നാല്‍ കളിച്ച ഒന്നില്‍ പോലും ജയിക്കാതെയാണ് മുംബൈ നാലാം മത്സരത്തിനിറങ്ങുന്നത്.

ഐ.പി.എല്ലില്‍ ഒരു തിരിച്ചുവരവിന് സാധ്യമാവണമെങ്കില്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് ജയം അനിവാര്യമാണ്. എന്നാല്‍ എന്നത്തേയും പോലെ എന്റര്‍ടെയ്ന്‍മെന്റ് മാത്രമല്ല, കപ്പ് തന്നെയാണ് ലക്ഷ്യമെന്നുറപ്പിച്ചാണ് ആര്‍.സി.ബിയും മത്സരരംഗത്തുള്ളത്.

Content Highlight: Virat Kohli Almost Breaks Stumps In Anger After Getting Bowled In Nets