| Wednesday, 15th December 2021, 3:13 pm

ഇങ്ങനെ കള്ളം പറയുന്നതെന്തിന്?; ഗാംഗുലിയെ തള്ളി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് തന്നോട് ഒരാളും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടി-20 ടീമിന്റെ നായകസ്ഥാനത്ത് നിന്നും മാറരുതെന്ന് ഗാംഗുലിയോ മറ്റ് ബി.സി.സി.ഐ അംഗങ്ങളോ പറഞ്ഞിട്ടില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഗാംഗുലി പറഞ്ഞ കാര്യങ്ങളെ പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു കോഹ്‌ലിയുടെ മറുപടി.

‘ബി.സി.സി.ഐയോട് ടി-20 ക്യാപ്റ്റന്‍സി ഒഴിയുന്നതിനെ കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഞാനവരോട് എന്റെ കാര്യം വ്യക്തമായി പറഞ്ഞിരുന്നു. ആ സമയത്ത് നല്ല രീതിയില്‍ തന്നെയായിരുന്നു സ്വീകരിച്ചിരുന്നതും.

പുരോഗമനപരമായ നടപടിയെന്നായിരുന്നു ബി.സി.സി.ഐ അതിനെ വിശേഷിപ്പിച്ചത്. ടി-20 നായകസ്ഥാനം മാത്രമാണ് ഒഴിയുന്നതെന്നും, ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്നും ഞാന്‍ അവരെ അറിയിച്ചിരുന്നു,’ കോഹ്‌ലി പറഞ്ഞു.

സെലക്ടര്‍മാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ താന്‍ ക്യാപ്റ്റനാവുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടെങ്കില്‍, ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതില്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും ഇക്കാര്യം ബി.സി.സി.ഐയുമായി സംസാരിച്ചിരുന്നുവെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ക്കുന്നു.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ഗാംഗുലി തന്നോടാവശ്യപ്പെട്ടിട്ടില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.

ടി-20 നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ കോഹ്‌ലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കോഹ്‌ലി തന്നിഷ്ടപ്രകാരമാണ് നായകസ്ഥാനം ഒഴിഞ്ഞത് എന്നുമായിരുന്നു ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞത്.

‘ഞാന്‍ നേരിട്ട് വിരാടിനോട് ടി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോലി ഭാരം വളരെ വലുതാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കും. വിരാട് മികച്ച ഒരു ക്രിക്കറ്ററാണ്. അദ്ദേഹം ഒരുപാട് കാലം ഇന്ത്യയെ നയിച്ചു, ഇതിനിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഒരുപാട് കാലം ഇന്ത്യയെ നയിച്ച ആളെന്ന നിലയില്‍ എനിക്ക് ഇക്കാര്യം മനസ്സിലാവും. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ മാത്രം മതിയെന്ന അവരുടെ തീരുമാനത്തിന് പുറത്താണ് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റേണ്ടി വന്നത്.

ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ നല്ല ഒരു ടീമും മികച്ച കളിക്കാരും നമ്മള്‍ക്കുണ്ട്. നല്ലത് തന്നെ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ എന്നായിരുന്നു ഗാംഗുലി പറഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ ടി-20 ലോകകപ്പിന് മുന്‍പ് തന്നെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നതായി കോഹ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരാനായിരുന്നു കോഹ്ലിയുടെ താല്‍പര്യം.

അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ (ഏകദിനം, ടി-20) രണ്ട് ക്യാപ്റ്റന്‍മാരെ അനുവദിക്കേണ്ട എന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ബി.സി.സി.ഐ, കോഹ്‌ലിയോട് നിര്‍ദേശിക്കുകയായിരുന്നു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും ബി.സി.സി.ഐയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു കോഹ്‌ലിയുമായി ഇക്കാര്യം സംസാരിച്ചത്. മറുപടി നല്‍കാന്‍ 48 മണിക്കൂറും കോഹ്‌ലിയ്ക്ക് അനുവദിച്ചു.

‘ടി-20യിലും ഏകദിനത്തിലും വെവ്വേറെ ക്യാപ്റ്റന്‍മാരെ നിയമിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് താല്‍പര്യമില്ലായിരുന്നു. നമ്മളെ സംബന്ധിച്ച് നേതൃപാടവത്തില്‍ സ്ഥിരത വേണം. വലിയ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നമുക്ക് ജയിക്കാനാകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം,’ ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

സെലക്ടര്‍മാര്‍ രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയെക്കൂടാതെ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായും ബി.സി.സി.ഐ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അനുവദിച്ച സമയത്തിന് ശേഷവും പ്രതികരിക്കാതിരുന്നതോടെയാണ് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് ബി.സി.സി.ഐ വിശദീകരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Virat Kohli aginst Sourav Ganguly

We use cookies to give you the best possible experience. Learn more