| Friday, 20th October 2023, 4:40 pm

പുരസ്‌കാരം തട്ടിയെടുത്തതില്‍ ജഡേജയോട് ക്ഷമ ചോദിക്കുന്നു; മത്സരത്തിന് ശേഷം വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിലെ നാലാം വിജയവും സ്വന്തമാക്കിയിരുന്നു. ബംഗ്ലാ കടുവകളെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരുന്നത്.

ബൗളിങ്ങില്‍ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ടപ്പോള്‍ വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവര്‍ ചേര്‍ന്ന് ബംഗ്ലാ ബൗളര്‍മാരെ തല്ലിയൊതുക്കി.

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ അനായാസം വിജയത്തിലേക്ക് നടന്നുകയറിയത്. കരിയറിലെ 48ാം ഏകദിന സെഞ്ച്വറിയാണ് താരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കുറിച്ചത്.

97 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് വിരാട് നേടിയത്. ഈ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും വിരാടിനെ തന്നെയായിരുന്നു.

എന്നാല്‍ ജഡേജയില്‍ നിന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തട്ടിയെടുത്തതില്‍ ക്ഷമ ചോദിക്കുകയാണ് വിരാട് കോഹ്‌ലി. ബംഗ്ലാ നിരയിലെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തുകയും കിടിലന്‍ ക്യാച്ചിലൂടെ മുഷ്ഫിഖര്‍ റഹീമിനെ പുറത്താക്കുകയും ചെയ്ത രവീന്ദ്ര ജഡേജയെ മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ വിരാടിന്റെ വെടിക്കെട്ടിന് പിന്നാലെ ജഡേജയെ മറികടന്നുകൊണ്ട് കോഹ്‌ലി പുരസ്‌കാരം നേടുകയായിരുന്നു.

‘രവീന്ദ്ര ജഡേജയില്‍ നിന്നും ആ പുരസ്‌കാരം തട്ടിയെടുത്തതില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഐ.സി.സി ലോകകപ്പ് 2023ല്‍ എനിക്ക് വലിയൊരു സംഭാവന നല്‍കേണ്ടിയിരുന്നു,’ എന്നാണ് മത്സര ശേഷം വിരാട് പറഞ്ഞത്.

ആറ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെയായിരുന്നു വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 96 പന്തില്‍ 97 റണ്‍സില്‍ നില്‍ക്കവെ തൊട്ടടുത്ത പന്തില്‍ സിക്‌സര്‍ നേടിക്കൊണ്ട് തന്റെ സെഞ്ച്വറിയും ടീമിന്റെ വിജയവും വിരാട് സ്വന്തമാക്കുകയായിരുന്നു.

ഈ ഇന്നിങ്‌സിനിടെ മറ്റൊരു നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. 26,000 അന്താരാഷ്ട്ര റണ്‍സ് എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരം എന്ന റെക്കോഡും ഇതോടെ വിരാട് സ്വന്തമാക്കിയിരുന്നു.

വരും മത്സരങ്ങളിലും വിരാട് ഇതേ പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ സച്ചിന്റെ 49 സെഞ്ച്വറിയുടെ റെക്കോഡും വിരാട് തകര്‍ക്കുമെന്നുറപ്പാണ്.

ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

Content Highlight: Virat Kohli about winning man of the match

We use cookies to give you the best possible experience. Learn more