| Monday, 24th October 2022, 5:35 pm

ഞാന്‍ പറഞ്ഞത് പോലയല്ല അവന്‍ കളിച്ചത്, പക്ഷെ അശ്വിനാരാ മോന്‍ ഒടുക്കത്തെ ബുദ്ധിയല്ലേ: വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് ഇന്നലെ നടന്ന ഇന്ത്യ-പാക് മത്സരത്തിന്റെ ഹൈലൈറ്റ് പോയിന്റെങ്കിലും, അവസാന ഓവറിലെ ആര്‍. അശ്വിന്റെ ബ്രില്യന്‍സിനെ കുറിച്ച് പറയാതിരിക്കാനാകില്ല.

പാഞ്ഞുവരുന്ന പന്തിന്റെയും അതെറിഞ്ഞു വിട്ട ബൗളറുടെയും മനസ് ഗണിച്ചെടുക്കാന്‍ ഒരു വെറ്ററന്‍ താരത്തിന് കഴിയുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് തെളിയിച്ച നിമിഷമായിരുന്നു ഇന്നലെ.

അവസാന ഓവര്‍ നടക്കുകയാണ്, വിരാടിനൊപ്പം കട്ടക്ക് കൂട്ടുനിന്ന ഹര്‍ദിക് പാണ്ഡ്യ പുറത്താകുന്നു. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു ഹര്‍ദിക് മടങ്ങിയത്. താരത്തെ ബാബറിന്റെ കൈകളിലെത്തിച്ചാണ് നവാസ് വിരാട്-ഹര്‍ദിക് കൂട്ടുകെട്ടിന് വിരാമമിട്ടത്.

തുടര്‍ന്നെത്തിയത് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കായിരുന്നു. അവസാന ഓവറില്‍ വിജയത്തിന് നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിയെങ്കിലും അഞ്ചാം പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം പുറത്താവുകയായിരുന്നു.

നവാസിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച താരം ബീറ്റണാവുകയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയുമായിരുന്നു. വെറ്ററന്‍ താരം ആര്‍. അശ്വിനായിരുന്നു പിന്നാലെയെത്തിയത്. ഒരു ബോളില്‍ രണ്ട് റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെയാണ് അശ്വിന്‍ ക്രീസിലെത്തുന്നത്.

ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കിയ അതേ തന്ത്രം അശ്വിന് നേരെയും പ്രയോഗിക്കാനായിരുന്നു നവാസിന്റെ ശ്രമം. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ അശ്വിന്‍ ആ പന്ത് ലിവ് ചെയ്യുകയും വൈഡിലൂടെ വിലപ്പെട്ട ഒരു റണ്‍സ് സ്വന്തമാക്കി സ്‌കോര്‍സ് ലെവല്‍ ചെയ്യുകയുമായിരുന്നു.

അടുത്ത പന്തില്‍ സിംഗിള്‍ നേടി വിജയം കുറിച്ചെങ്കിലും അഞ്ചാം പന്തിലെ താരത്തിന്റെ ടാക്ടിക്കല്‍ നീക്കമാണ് ചര്‍ച്ചയാവുന്നത്. ഒരുപക്ഷേ അശ്വിന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ ഒരു റണ്‍സിന് മത്സരം ജയിക്കുന്ന സ്ഥിതി പോലും ഉണ്ടാവുമായിരുന്നു.

എന്നാല്‍ അതിന് മുതിരാത്ത അശ്വിന്റെ പ്രെസെന്‍സ് ഓഫ് മൈന്‍ഡും ടാക്ടിക്സും കൂടിയാണ് ഇന്ത്യയുടെ വിജയത്തിന് നിദാനമായ ഒരു ഘടകം.

അര്‍ഷ്ദീപിന്റെയും ഭുവനേശ്വറിന്റെയും ബൗളിങ് പ്രകടനത്തിനും ഹര്‍ദിക്കിന്റെ ഓള്‍ റൗണ്ട് മികവിനും വിരാടിന്റെ മൈന്‍ഡ് ബ്ലോവിങ് ഇന്നിങ്സിനും പുറമെ അശ്വിന്റെ ഈ ടാക്ടിക്സും ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിലെ മേജര്‍ മൊമെന്റില്‍ ഒന്നായിരുന്നു.

ഇപ്പോള്‍ അശ്വിന്റെ ഈ ബുദ്ധികൂര്‍മതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ‘ഓവറില്‍ 15-16 റണ്‍സ് വെച്ചാണ് എടുക്കാനുള്ളതെങ്കില്‍ 2 ബോളില്‍ നിന്നും രണ്ട് റണ്‍ വേണം എന്നായിരിക്കും കണക്കുകൂട്ടല്‍. ഇത് എളുപ്പത്തില്‍ അടിച്ചെടുക്കാവുന്നതായതുകൊണ്ട് തന്നെ ഒന്നുകില്‍ കളിക്കാര്‍ വളരെ റിലാക്‌സ്ഡാവും, അല്ലെങ്കില്‍ വന്‍ ആവേശത്തിലാകും.

പക്ഷെ അങ്ങനെയൊരു സമയത്താണ് ദിനേഷ് കാര്‍ത്തിക് ഔട്ടാകുന്നത്. കവറിന് മുകളിലൂടെ അടിക്കാനായിരുന്നു ഞാന്‍ അശ്വിനോട് പറഞ്ഞത്. പക്ഷെ അശ്വിന്‍ ആ സമയത്ത് ഒരു അതിഭയങ്കര ബുദ്ധി പ്രയോഗിച്ചു.

അവന്‍ ഇന്‍സൈഡിലേക്ക് നിന്നു ആ പന്ത് തിരിഞ്ഞ് വൈഡാവുകയും ചെയ്തു. ഗ്യാപിലേക്ക് ബോള്‍ പോയാല്‍ നമ്മള്‍ ജയിക്കും എന്ന നിമിഷമായിരുന്നു അത്. അങ്ങനെ തന്നെ സംഭവിച്ചു,’ കോഹ് ലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ പ്രതികരണത്തിലായിരുന്നു കോഹ്‌ലി ഇത് പറഞ്ഞത്.

Content Highlight: Virat Kohli about R Ashwin’s performance in T20 match against Pakistan

We use cookies to give you the best possible experience. Learn more