തിരുവനന്തപുരം: ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കളികാണാനെത്തുന്ന സ്‌റ്റേഡിയങ്ങളിലൊന്നാണ് കൊച്ചി. ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയാല്‍ കൊച്ചി മഞ്ഞക്കടലായി മാറാറുണ്ട്. വളരെ കാലത്തിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെത്തിയപ്പോള്‍ തലസ്ഥാനവും കാര്യവട്ടവും നീലക്കടലായി മാറുകയായിരുന്നു.
നീണ്ട 29 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നത്. മഴയുറപ്പാണെന്നറിഞ്ഞിട്ടും സ്റ്റേഡിയത്തില്‍ എത്തിയ കാണികളുടെ എണ്ണം കേരളത്തിന് ക്രിക്കറ്റിനോടുള്ള സ്‌നേഹം കാണിക്കുന്നതായിരുന്നു.
മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഈ ആരാധക പിന്തുണയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം അര്‍ഹിച്ചിരുന്നുവെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.
ഈ നാട്ടില്‍ കൂടുല്‍ മത്സരങ്ങള്‍ നടക്കാത്തതെന്തേയെന്ന അത്ഭുതവും കോഹ്‌ലി പങ്കുവെക്കുകയുണ്ടായി. “മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം അര്‍ഹിച്ചിരുന്നു. ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുകയാണ്. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീല്‍ഡുമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. കോഹ്‌ലി പറഞ്ഞു.
ഇന്നലെ കാര്യവട്ടത്ത് കളി കാണാനെത്തിയ ആരാധകരും ഈ ചോദ്യം ഉയര്‍ത്തുന്നുണ്ടായിരുന്നു. ഒരു കുഞ്ഞ് ആരാധകന്‍ തന്റെ സങ്കടം ഒരു കടലാസില്‍ എഴുതി കാണിച്ച ചിത്രം ബി.സി.സി.ഐ അവരുടെ വെബ്സൈറ്റില്‍ പങ്കു വെക്കുകയും ചെയ്തിരുന്നു. “എന്തുകൊണ്ടാണ് 29 വര്‍ഷത്തിനുശേഷം..? ഇത്രയും വലിയ ഇടവേള ഞങ്ങള്‍ക്ക് നിരവധി ഇതിഹാസങ്ങളെ നഷ്ടമാക്കി” എന്നായിരുന്നു കൊച്ചു ആരാധകന്റെ കൈയിലെ ബാനറില്‍ എഴുതിയിരുന്നത്. സച്ചിന്റെ ചിത്രത്തോടൊപ്പമായിരുന്നു ബാനര്‍.