വിരാടിന്റെ തിരിച്ചുവരവിന്റെ ദിവസമായിരുന്നു ഇന്നലെ. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സെഞ്ച്വറി നേടിയ വിരാടിനൊപ്പം ക്രിക്കറ്റ് ലോകം മുഴുവന്‍ ചിരിച്ചു. വിരാട് ഇതാ വീണ്ടും നൃത്തം ചെയ്യുന്നുവെന്ന് സൂപ്പര്‍താരങ്ങള്‍ ഹൃദയം തൊട്ടുപറഞ്ഞു. പക്ഷെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ട അതിക്രൂരമായ വിമര്‍ശനങ്ങള്‍ മറ്റാരും മറന്നാലും വിരാടിന് മറക്കാനാകില്ലല്ലോ.
ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും ക്രീസില്‍ നിന്നും പുറത്തുപോകൂവെന്നും കോഹ്‌ലിയോട് ഇനി പറയാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല. ഫോമില്ലായ്മയുടെയും സെഞ്ച്വറിയില്ലായ്മയുടെയും പേരില്‍ വിമര്‍ശകരുടെ നോട്ടപുള്ളിയാപ്പോള്‍ ഇതിനിടയില്‍ വിരാട് നേടിയ അര്‍ധ സെഞ്ച്വറികള്‍ പോലും നിഷ്‌കരുണം വിസ്മരിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ അഭിനന്ദനങ്ങളും ആഘോഷങ്ങളും നിറയുമ്പോഴും കഴിഞ്ഞ നാളുകളെ കുറിച്ചുള്ള ഓര്‍മ്മയില്‍ തന്നെയാണ് വിരാട്. തന്റെ 71ാം സെഞ്ച്വറിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ അതേ കുറിച്ച് അദ്ദേഹം വ്യക്തായി സംസാരിച്ചു.
‘ഞാന്‍ നേടിയ അറുപതുകള്‍ വരെ തോല്‍വികളായി എഴുതപ്പെട്ടപ്പോഴായിരുന്നു ഞാന്‍ ഏറ്റവും ഞെട്ടിപ്പോയത്. ആ കളികളില്‍ ഞാന്‍ നന്നായി തന്നെയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. പക്ഷെ അതൊന്നും പോര എന്നതു പോലെയായിരുന്നു കാര്യങ്ങള്‍.
ആരെയും പ്രത്യേകം ചൂണ്ടിക്കാണിച്ച് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ നാളുകളില്‍ ദൈവം എനിക്ക് ഒരുപാട് നല്ല സമയങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നത്. ഞാന്‍ ഇതൊക്കെ ചെയ്തുവെന്ന് അഹങ്കരിച്ചു പറയുന്നതല്ല, പക്ഷെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ സംഭവിച്ചത്.
നമുക്ക് വിധിച്ചിട്ടുള്ളതെല്ലാം നല്‍കി ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന് തുറന്നുസമ്മതിക്കുന്നതില്‍ എനിക്കൊരു മടിയുമില്ല. ആ അനുഗ്രഹങ്ങള്‍ക്കനുസരിച്ച് കഠിനധ്വാനം ചെയ്യലാണ് നമ്മുടെ കടമ. അതുകൊണ്ട് തന്നെ ഞാന്‍ തിരിച്ചുപോയി നല്ല രീതിയില്‍ പരിശീലനം നടത്തി, പുതിയ ആവേശത്തോടെ മടങ്ങിയെത്തുകയായിരുന്നു. കഴിഞ്ഞ നാളുകളെയെല്ലാം മറന്ന് മുന്നോട്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ കോഹ്‌ലി പറഞ്ഞു.
ഏഷ്യാ കപ്പിലെ ആദ്യ മത്സരം മുതല്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ വിരാട് കാണിച്ചിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ പതിഞ്ഞ് തുടങ്ങി, ഹോങ്കോങ്ങിനെതിരെ ആഞ്ഞടിച്ച വിരാട് പാകിസ്ഥാനെതിരെ ഒരിക്കല്‍ക്കൂടി കത്തിക്കയറിയിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് താരം നിരാശനാക്കിയത്.
എന്നാല്‍ സൂപ്പര്‍ ഫോറിലെ അഫ്ഗാനെതിരായ മത്സരത്തില്‍ ഏറെ നാളായി കേട്ടുകൊണ്ടിരുന്ന അപമാന ഭാരമാണ് താരം ഇറക്കിവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ 71ാം സെഞ്ച്വറി കുറിച്ചാണ് വിരാട് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
2019ല്‍ ബംഗ്ലാദേശിനെതിരെ 70ാം സെഞ്ച്വറി കുറിച്ച വിരാടിന് അടുത്ത സെഞ്ച്വറിയിലേക്ക് നടന്നെത്താന്‍ ആയിരത്തിലധികം ദിവസമായിരുന്നു വേണ്ടി വന്നത്.
അഫ്ഗാനെതിരായ മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ കളിച്ച വിരാട് മുന്നില്‍ കിട്ടിയ എല്ലാ ബൗളര്‍മാരെയും കണക്കറ്റ് പ്രഹരിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതിയ അഫ്ഗാന്റെ ബൗളിങ് നിരയെ തച്ചുതകര്‍ത്തായിരുന്നു വിരാട് മുന്നേറിയത്.
53 പന്തിലായിരുന്നു വിരാട് നൂറടിച്ചത്. അവിടം കൊണ്ടും അവസാനിക്കാതെ താരം റണ്ണടിച്ചുകൂട്ടി മുന്നേറുകയായിരുന്നു. ഒടുവില്‍ 61 പന്തില്‍ നിന്നും 200 സ്ട്രൈക്ക് റേറ്റില്‍ 122 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 12 ഫോറും ആറ് സിക്സറുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇത്രയും നാള്‍ തന്നെ ഫോം ഔട്ടിന്റെ പേരില്‍ കളിയാക്കുകയും പുച്ഛിക്കുകയും ചെയ്ത വിമര്‍ശകരുടെ നെഞ്ചില്‍ ചവിട്ടിയായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
അതേസമയം, ഏഷ്യാ കപ്പില്‍ നിന്നും പുറത്തായെങ്കിലും സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെ 101 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. വിരാടിന് പുറമെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 41 പന്തില്‍ 61 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. സൂര്യകുമാര്‍ യാദവ് രണ്ട് പന്തില്‍ നിന്നും ആറ് റണ്‍സ് നേടി പുറത്തായി. 16 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ റിഷബ് പന്താണ് മറ്റൊരു സ്‌കോറര്‍.
അഫ്ഗാന്‍ നിരയില്‍ പന്തെറിഞ്ഞവരില്‍ മുജീബ് ഉര്‍ റഹ്മാന്‍ ഒഴികെ എല്ലാവരും ഭേദപ്പെട്ട രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. നാലോവറില്‍ 29 റണ്‍സാണ് റഹ്മാന്‍ വിട്ടുനല്‍കിയത്. നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങിയ ഫരീദ് അഹമ്മദാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിരയെ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. അഞ്ച് വിക്കറ്റാണ് താരം നേടിയത്.
Content Highlight: Virat Kohli about his century after 3 years