| Saturday, 25th February 2023, 4:21 pm

എന്നെ തോറ്റുപോയ ക്യാപ്റ്റനായിട്ടായിരുന്നു കണക്കാക്കിയത്: വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ക്യാപ്റ്റനായിരിക്കെ ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെ തനിക്ക് നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് വിരാട് കോഹ്‌ലി. തന്നെ ഒരു തോറ്റുപോയ നായകനായാണ് ആരാധകരും ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടുകളും കണക്കാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഒരിക്കലും സ്വയം വിലയിരുത്തലിന് മുതിര്‍ന്നില്ലെന്നും തന്റെ കീഴില്‍ ടീം ഇന്ത്യക്ക് കൈവന്ന മാറ്റങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും അദ്ദേഹം പഞ്ഞു.

ആര്‍.സി.ബി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ വേണ്ടി തന്നെയാണ് നമ്മള്‍ ഓരോ മത്സരങ്ങളും കളിക്കുന്നത്. 2017 ചാമ്പ്യന്‍സ് ട്രോഫി, 2019 ലോകകപ്പ്, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2021ലെ ടി-20 ലോകകപ്പ് എന്നീ ഇവന്റുകളില്‍ ഞാന്‍ ഇന്ത്യയെ നയിച്ചിരുന്നു. ഈ മൂന്ന് (നാല്) ഐ.സി.സി ടൂര്‍ണമെന്റുകള്‍ക്ക് ശേഷം എന്നെ ഒരു പരാജയപ്പെട്ട ക്യാപ്റ്റനായിട്ടാണ് കണക്കാക്കിയത്.

എന്നാല്‍ ആ വീക്ഷണ കോണില്‍ നിന്നും ഞാന്‍ ഒരിക്കല്‍ പോലും എന്ന വിലയിരുത്തിയിട്ടില്ല. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ നേടിയതും ടീമിനകത്ത് കൊണ്ടുവന്ന കള്‍ച്ചറല്‍ ചെയ്ഞ്ചുകളും അഭിമാനിക്കാന്‍ സാധിക്കുന്ന കാര്യമാണ്.

ഒരു ടൂര്‍ണമെന്റ് ഒരു നിശ്ചിത കാലത്തേക്കാണ് നടക്കുന്നത്. എന്നാല്‍ കള്‍ച്ചര്‍ എന്നത് നീണ്ട കാലയളവില്‍ സംഭവിക്കുന്ന ഒന്നാണ്. അതിന് ടൂര്‍ണമെന്റുകള്‍ ജയിക്കുക എന്നതിനേക്കാളുപരി സ്ഥിരതയാണ് ആവശ്യമായുള്ളത്,’ കോഹ്‌ലി പറയുന്നു.

28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ 2011ല്‍ വീണ്ടും ലോകകപ്പുയര്‍ത്തിയപ്പോഴും 2013 ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോഴും വിരാട് ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ രണ്ട് തവണയും എം.എസ്. ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്.

‘ഒരു പ്ലെയര്‍ എന്ന നിലയില്‍ ഞാന്‍ ലോകകപ്പ് നേടി. ഒരു പ്ലെയര്‍ എന്ന നിലയില്‍ ഞാന്‍ ചാമ്പ്യന്‍സ് ട്രോഫി നേടി. അഞ്ച് തവണ ഇന്ത്യന്‍ ടീം ടെസ്റ്റ് മെയ്‌സ് നേടിയപ്പോഴും ഞാന്‍ ടീമിന്റെ ഭാഗമായിരുന്നു. നിങ്ങള്‍ ആ പോയിന്റ് ഓഫ് വ്യൂവില്‍ നിന്ന് നോക്കുകയാണെങ്കില്‍ ഒരു ലോകകപ്പ് പോലും നേടാന്‍ സാധിക്കാത്ത നിരവധി താരങ്ങളുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു താരം എന്ന നിലയില്‍ രണ്ട് ലോകകപ്പുകള്‍ കൂടി നേടാനുള്ള അവസരം വിരാട് കോഹ്‌ലിക്ക് സമീപഭാവിയിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും 2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പുമാണ് ഇനി വിരാടിന് മുമ്പിലുള്ളത്.

Content Highlight: Virat Kohli about his captaincy

We use cookies to give you the best possible experience. Learn more