| Saturday, 13th May 2023, 7:16 pm

ഇതിന് വേണ്ടിയായായിരുന്നോ ഞാന്‍ രണ്ട് വര്‍ഷം കരഞ്ഞത്? തുറന്നുപറഞ്ഞ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ കാലത്തെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ഏഷ്യാ കപ്പില്‍ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 61 പന്തില്‍ നിന്നും പുറത്താകാതെ 122 റണ്‍സാണ് വിരാട് നേടിയത്.

2019ല്‍ തന്റെ അവസാന സെഞ്ച്വറി നേടിയ വിരാട് മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരിക്കല്‍ക്കൂടി ട്രിപ്പിള്‍ ഡിജിറ്റിലേക്കെത്തുന്നത്. തനിക്ക് ഒരിക്കല്‍ പോലും സെഞ്ച്വറി തകയ്ക്കാന്‍ സാധിച്ചിട്ടില്ലാത്ത ടി-20 ഫോര്‍മാറ്റില്‍ നൂറടിച്ച് സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ചതും ഈ നേട്ടത്തെ ഏറെ സ്പഷ്യലാക്കിയിരിന്നു.

ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് മനസുതുറക്കുകയാണ് വിരാട്.

‘ഞാനിപ്പോള്‍ 94ല്‍ നില്‍ക്കുകയാണ്, ഒരുപക്ഷേ എനിക്ക് 100 റണ്‍സ് നേടാന്‍ സാധിക്കുമായിരിക്കും എന്നായിരുന്നു സെഞ്ച്വറി നേടുന്നതിന് മുമ്പുള്ള പന്തില്‍ ഞാന്‍ ആലോചിച്ചത്. അടുത്ത് പന്തില്‍ ഞാന്‍ സിക്‌സര്‍ നേടി.

പക്ഷേ നൂറ് റണ്‍സ് നേടിയതിന് പിന്നാലെ ഞാന്‍ മനസുതുറന്ന് ചിരിക്കുകയായിരുന്നു. ഇതിന് വേണ്ടിയായിരുന്നോ ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കരഞ്ഞുകൊണ്ടിരുന്നത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്,’ ലെറ്റ് ദേര്‍ ബി സ്‌പോര്‍ട്ട് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വിരാട് പറഞ്ഞു.

വിരാടിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാടിന് പുറമെ കെ.എല്‍. രാഹുലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വിരാട് തന്നെയായിരുന്നു മത്സരത്തിലെ താരവും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 75 സെഞ്ച്വറിയാണ് വിരാടിന്റെ പേരിലുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 100 സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യത കല്‍പിക്കുന്നതും വിരാടിന് മാത്രമാണ്.

Content Highlight: Virat Kohli about his 100th century

We use cookies to give you the best possible experience. Learn more