ധോണിയില്ല, ഐ.പി.എല്ലിലെ ഗോട്ടുകളെ തെരഞ്ഞെടുത്ത് കോഹ്‌ലി; അണ്ടര്‍ റേറ്റഡ് ബാറ്ററായി 'അമ്പട റായിഡു'
IPL
ധോണിയില്ല, ഐ.പി.എല്ലിലെ ഗോട്ടുകളെ തെരഞ്ഞെടുത്ത് കോഹ്‌ലി; അണ്ടര്‍ റേറ്റഡ് ബാറ്ററായി 'അമ്പട റായിഡു'
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th April 2023, 3:24 pm

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും മാറ്റി വെക്കാന്‍ സാധിക്കാത്ത പേരാണ് വിരാട് കോഹ്‌ലിയുടേത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായാണ് വിരാട് സ്വയം അടയാളപ്പെടുത്തിയത്. ഇതിന് പുറമെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിരാടിന്റെ പേരില്‍ തന്നെ തുടരുകയാണ്.

ഐ.പി.എല്ലിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമായ വിരാട് കോഹ്‌ലിയുടെ അഭിപ്രായത്തിലെ ഗോട്ട് ആരാണെന്ന് പറയുകയാണ് അദ്ദേഹം. ജിയോ ടി.വിയുടെ ക്യു ആന്‍ഡ് എ സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരെന്ന ചോദ്യത്തിന് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സിനെയും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച പേസറായ ശ്രീലങ്കന്‍ ലെജന്‍ഡ് ലസിത് മലിംഗയെയുമാണ് വിരാട് തെരഞ്ഞെടുത്തിരിക്കുന്നത്.

ഏതൊരു ക്രിക്കറ്റ് ആരാധകനും പൂര്‍ണ സംതൃപ്തി നല്‍കുന്നതാണ് വിരാടിന്റെ മറുപടി.

ഐ.പി.എല്ലില്‍ ആകെ 184 മത്സരങ്ങളില്‍ നിന്നും 170 ഇന്നിങ്‌സുകള്‍ കളിച്ച റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മര്‍ 5,162 റണ്‍സാണ് നേടിയത്. പുറത്താകാതെ നേടിയ 133 റണ്‍സാണ് ഐ.പി.എല്ലില്‍ എ.ബി. ഡിയുടെ ഏറ്റവും മികച്ച സകോര്‍.

 

39.35 എന്ന ശരാശരിയില്‍ റണ്ണടിച്ചുകൂട്ടിയ ഡി വില്ലിയേഴ്‌സിന്റെ സ്‌ട്രൈക്ക് റേറ്റ് 151.68 ആണ്. ഐ.പി.എല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 25 ലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റാണിത്. ആദ്യ 25ല്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ളതും മിസ്റ്റര്‍ 360ക്ക് തന്നെയാണ്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ യോര്‍ക്കര്‍ കിങ് കളിച്ച 122 മത്സരത്തില്‍ നിന്നും 170 വിക്കറ്റാണ് സ്വന്തമാക്കിയത്. 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

 

7.14 എന്ന മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞ മലിംഗ നാല് വിക്കറ്റ് നേട്ടം ആറ് തവണയും അഞ്ച് വിക്കറ്റ് നേട്ടം ഒരു തവണയും കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്.

ക്യു ആന്‍ഡ് എ സെഷനില്‍ വിരാടിനോട് ചോദിച്ച മറ്റ് ചോദ്യങ്ങളും മറുപടികളും

ഏറ്റവും അണ്ടര്‍ റേറ്റഡായ ബാറ്റര്‍ – അംബാട്ടി റായിഡു

ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ – ഷെയ്ന്‍ വാട്‌സണ്‍

റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍ എന്നിവരിലെ മികച്ച സ്പിന്നര്‍ – റാഷിദ് ഖാന്‍

ടി-20യിലെ ഇഷ്ടപ്പെട്ട ഷോട്ട് – പുള്‍ ഷോട്ട്

നേരിടാന്‍ ഏറ്റവും ഇഷ്ടമുള്ള ടിം – ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഫാന്‍ ബേസ് കാരണം)

 

Content Highlight: Virat Kohli about GOAT of IPL