രാജ്കോട്ട്: ഇന്ത്യന്‍ ടീമില്‍ ഇന്ന് രണ്ടു നായകന്മാരുണ്ടെന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. കടലാസില്‍ നായകനായി കോഹ്‌ലിയും സൂപ്പര്‍ നായകനായി ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയപരമ്പരകളിലേക്ക് നയിക്കുകയാണ്. ഓരോ നിമിഷവും തീരുമാനങ്ങളെടുക്കാന്‍ ധോണിക്കരികിലേക്കെത്തുന്ന കോഹ്‌ലിയെ എല്ലാ മത്സരങ്ങളിലും കാണാന്‍ കഴിയും.
നായകന്റെ സമ്മതത്തിനു നില്‍ക്കാതെ താരങ്ങളെ പലയിടങ്ങളിലായി ധോണി വിന്യസിക്കുന്നതും കോഹ്‌ലിയെ ഉള്‍പ്പെടെ പ്രചോദിപ്പിക്കുന്നതും കഴിഞ്ഞ മത്സരങ്ങളില്‍ നാം കണ്ടതുമാണ്. തനിക്കും ധോണിക്കുമിടയിലെ ബന്ധത്തെക്കുറിച്ച് ഒടുവില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട്.
താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ താരം ധോണിയാണെന്നാണ് കോഹ്‌ലി പറഞ്ഞിരിക്കുന്നത്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിരാട് ധോണിയെക്കുറിച്ച് മനസ് തുറന്നത്. ധോണിക്കൊപ്പം കളി ആരംഭിക്കാന്‍ കഴിഞ്ഞതും ഇപ്പോഴും ഒപ്പമുള്ളതും തന്റെ ഭാഗ്യമാണെന്നും താരം പറയുന്നു.
“ധോണിയില്‍ നിന്നും ഇപ്പോഴും ഒരുപാട് പഠിക്കാനുണ്ട്. തനിക്കൊപ്പം ധോണിയുള്ളതില്‍ അത്യധികം സന്തോഷിക്കുന്നു. അതൊരു ഭാഗ്യമായാണ് കരുതുന്നത്. മറ്റു കളിക്കാരുമായി സംവദിക്കുന്നതില്‍ ധോണി വലിയ മാതൃകയാണ്. എന്തും എളുപ്പം പഠിച്ചെടുക്കുന്നതില്‍ ധോണിയെപോലെ മറ്റൊരു കളിക്കാരനില്ല.
“പരസ്പര ധാരണയോടെയാണ് ധോണിക്കൊപ്പമുള്ള കളി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ഒരു റണ്‍സ് വേണോ രണ്ടെണ്ണം വേണോ എന്നത് ധോണിയുടെ കണ്ണുകള്‍ നോക്കിയാല്‍ അറിയാന്‍ കഴിയും. പന്ത് തിരിച്ചെത്തുന്ന സമയത്തെക്കുറിച്ച് ധോണിക്ക് വ്യക്തമായ ധാരണയുണ്ട്” കോഹ്‌ലി പറഞ്ഞു.
“ധോണിയെ പിന്തുടരാന്‍ താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കളി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍കൂട്ടി കാണാന്‍ ധോണിക്ക് കഴിയുന്നു. അദേഹത്തോട് ചോദിച്ചെടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശരിയാകാറുണ്ട്” താരം പറയുന്നു.