| Saturday, 29th June 2019, 4:22 pm

ധോണിയെന്ത് ചെയ്യണമെന്ന് ധോണിയ്ക്ക് നന്നായി അറിയാം; വിമര്‍ശകര്‍ക്ക് മറുപടിയുമായി കൊഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: മെല്ലെപ്പോക്കിന്റെ പേരില്‍ മഹേന്ദ്ര സിങ് ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. എന്താണ് ചെയ്യേണ്ടതെന്ന് ധോണിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും അദ്ദേഹത്തിനത് നന്നായി അറിയാമെന്നുമാണ് കൊഹ്‌ലി പറഞ്ഞത്.

‘അദ്ദേഹം എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്താണ് ചെയ്യേണ്ടതെന്ന് ഒരിക്കല്‍ പോലും പറഞ്ഞുകൊടുക്കേണ്ടി വരേണ്ട അവസ്ഥ വരാത്ത ക്രിക്കറ്റ് താരമാണ് ധോണി. പുറത്ത് ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. പക്ഷേ ചെയ്ഞ്ച് റൂമിനുള്ളിലുള്ളതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്.’

‘ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹം ടീമിനുവേണ്ടി പലതവണ നിലകൊണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രകടനം നിങ്ങള്‍ നോക്കുകയാണെങ്കില്‍. ഒന്ന് രണ്ട് പ്രകടനം വെച്ച് ഒരാള്‍ മോശമെന്ന് വിലയിരുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ‘ എന്നും കൊഹ്‌ലി പറഞ്ഞു.

മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ ഈ ലോകകപ്പില്‍ ധോണി ഏറെ പഴികേട്ടിരുന്നു. എന്നാല്‍ വെസ്റ്റിന്റീസിനെതിരായ മത്സരത്തില്‍ തന്റെ ശൈലിയില്‍ മാറ്റം വരുത്താതെ തന്നെ വിമര്‍ശകര്‍ക്ക് ധോണി മറുപടി നല്‍കി.

സാവധാനം ഇന്നിങ്‌സ് തുടങ്ങി പിന്നീട് സ്‌കോറിംഗ് വേഗംകൂട്ടി ധോണി 61 പന്തില്‍ 56 റണ്‍സെടുക്കുകയായിരുന്നു. വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ധോണിയുടെ ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു.

അഫ്ഗാനിസ്താനെതിരായ മത്സരത്തിലെ മെല്ലെപ്പോക്ക് ബാറ്റിങ്ങിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ധോണിയെ വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more