കഴിഞ്ഞ ദിവസം ജയിക്കാവുന്ന കളിയാണ് ഇന്ത്യ കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടത്. ഏറെക്കുറെ അതുതന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടേയും അവസ്ഥ. രണ്ടു ടീമിന്റേയും പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ? ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു പാകിസ്താന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുടെ “ശാപ”മാണ് അതിനു പിന്നിലെന്നാണ് കേള്‍ക്കുന്നത്.
പാക് മാധ്യമമായ ദുനിയ ന്യൂസിന്റെ സ്‌പോര്‍ട്‌സ് അനലിസ്റ്റായ സൈനാബ് അബ്ബാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാരണം മറ്റൊന്നുമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്കും പോര്‍ട്ടീസ് നായകന്‍ ഡിവില്ല്യേഴ്‌സിനുമൊപ്പം അവരരൊരു സെല്‍ഫി എടുത്തു. സെല്‍ഫി എടുക്കുന്നതിനിടെ സൈനാബ് എന്തോ മന്ത്രം പ്രയോഗിച്ചെന്നും അതാണ് ഇരു ടീമിനേയും തോല്‍പ്പിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ അവതാരക കൂടിയായ സൈനാബ് പാകിസ്താനെതിരായ മത്സരത്തിനു മുന്നോടിയായാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡിവില്ല്യേഴ്‌സുമൊത്ത് സെല്‍ഫിയെടുത്തത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പൊതുവെ ഏതു ബൗളിംഗ് നിരയുടേയും പേടി സ്വപ്‌നമായ എബിഡി ഗോള്‍ഡന്‍ ഡക്കിനാണ് അന്നു പുറത്തായത്. 12 വര്‍ഷത്തെ കരിയറിനിടെ ആദ്യത്തെ ഗോള്‍ഡള്‍ ഡക്കായി.
ഏറെക്കുറെ സമാനമായിരുന്നു വിരാടിന്റെ കഥയും. പാകിസ്താനെതിരായ മത്സരത്തിനു മുന്നോടിയായിരുന്നു സൈനാബ് വിരാടിനൊപ്പം സെല്‍ഫിയെടുത്തത്. മത്സരത്തില്‍ വിരാട് 81 റണ്‍സെടുത്തു ഒപ്പം ടീം വിജയിക്കുകയും ചെയ്തു. പക്ഷെ ഇന്നലെ ശ്രീലങ്കയോട് വിരാട് പുറത്തായത് ഡക്കിനാണ്. മൂന്നു വര്‍ഷത്തിനിടെ വിരാടിന്റെ ആദ്യ ഡക്ക്. മത്സരത്തില്‍ 321 എന്ന മികച്ച സ്‌കോറുണ്ടായിട്ടും ഇന്ത്യ ലങ്കയോട് പരാജയപ്പെട്ടു.
തോല്‍വികള്‍ ഇരുടീമിന്റേയും സെമി പ്രവേശനത്തെ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണ്. ഇന്ത്യയുടെ തോല്‍വിയേയും സൈനാബിന്റെ സെല്‍ഫിയേയും പാക് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ഇപ്പോള്‍.